തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാസംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,06,88,146 സാമ്പിളുകളാണ് പരിശോധിച്ചത്.