തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാളാണെന്നും ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി വന്ന് മത്സരിക്കുന്നുവെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ചപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അന്ന് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷെ ജനങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടര്‍ന്നു നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുവര്‍ഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ച് പരീക്ഷിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് നിന്ന് നിര്‍ണായക ഘട്ടത്തില്‍ ഒളിച്ചോടിയെ നേതാവണ് രാഹുല്‍ ഗാന്ധി. ആ പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവെന്ന നിലയില്‍ വളര്‍ന്ന് വരാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന എതിരാളിയെന്ന് രാഹുല്‍ അവകാശപ്പെടന്ന നരേന്ദ്രമോദിയേയും സംഘപരിവാറിനേയും നേരിട്ട് എതിര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതേയില്ല. ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയാണ് രണ്ടാം തവണയും വയനാട്ടിലെത്തി മത്സരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് ഇതില്‍പരം എന്താണ് പ്രതീക്ഷിക്കേണ്ടതന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിനെതിരേ പ്രധാനമന്ത്രി മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സ്ഥലമാണ് കേരളം. എന്നാല്‍ നേട്ടങ്ങള്‍ നുണകള്‍കൊണ്ട് മൂടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരേയെടുത്ത നിലപാട്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ കേരളത്തിനെതിരേ ആക്ഷേപം ചൊരിയുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒന്നും ലഭിക്കാനില്ലെന്ന തിരിച്ചറിവ് വലിയ വെപ്രാളത്തിലേക്കും നിരാശയിലേക്കുമാണ് ഇവരെ നയിച്ചിരിക്കുന്നത്. അതാണ് തീര്‍ത്തും തെറ്റായ കാര്യം പറയാന്‍ ബിജെപിയേയും മോദിയേയും പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.