സമൂഹമാധ്യമങ്ങളിൽ വൈറലായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെയും അകമ്പടി വാഹനങ്ങളുടേയും വിഡിയോ. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നാണ് ഈ വൈറൽ കാഴ്ചകൾ.
മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിലേക്ക് എത്തിയ കറുത്ത ഇന്നോവകളാണ് താരം. ഭീഷ്മപർവം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗും പശ്ചാത്തല സംഗീതവും ചേർന്നപ്പോൾ വിഡിയോ വൈറൽ. കഴിഞ്ഞ വർഷം അവസാനമാണ് വെളുത്ത ഇന്നോവയ്ക്ക് പകരം കറുത്ത ഇന്നോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായി എത്തിയത്.
മുഖ്യമന്ത്രി ഉപയോഗിക്കുന്ന വാഹനങ്ങൾ 4 വർഷം പഴക്കം ഉള്ളതിനാൽ മാറ്റണമെന്ന പൊലീസിന്റെ ശുപാർശ പ്രകാരമായിരുന്നു ഔദ്യോഗിക വാഹനം മാറ്റിയത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറുമാണ് അന്ന് മുഖ്യന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് എത്തിയത്.
പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിങ്ങനെ സി പി എമ്മിനെ പ്രമുഖ നേതാക്കളെല്ലാം ഗ്രൂപ്പ് ഫോട്ടോയിൽ ഇടം പിടിച്ചു. ഇതിൽ മുഖ്യമന്ത്രിയുടെ കടന്നു വരവും ചാമ്പിക്കോ ട്രെൻഡിന് വിധേയമായി.
ഭീഷ്മപർവം തിയേറ്ററുകളിൽ എത്തിയപ്പോൾ മമ്മൂട്ടിയെക്കാൾ സ്റ്റാർ ആയത് ചാമ്പിക്കോ എന്ന വാക്കാണ്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകൻ അമൽ നീരദ് വാക്കിന്റെ അർത്ഥം പോലും മാറ്റി കളഞ്ഞു. സിനിമയിലെ ട്രെൻഡ് കേരളത്തിലെ രാഷ്ട്രീയക്കാർ പലരും ഏറ്റെടുത്തു തുടങ്ങിയതോടെ ചാമ്പിക്കോ വമ്പൻ ഹിറ്റായി തുടങ്ങി. അതേസമയം, കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ട്രെന്‍ഡിനൊപ്പം നീങ്ങിയിരിന്നു. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെ ആണ് ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭീഷ്മ ശൈലിയിൽ ആയിരുന്നു മന്ത്രിയുടെ ഫോട്ടോഷൂട്ട് വീഡിയോ എത്തിയത്.
ട്രെൻഡിനൊപ്പം തന്നെ ഏറെ ജന ശ്രദ്ധയും പങ്കിട്ട ഈ വീഡിയോ പിടിച്ചെടുത്തു. “ട്രെൻഡിനൊപ്പം ചാമ്പക്കോ ‘- എന്ന അടിക്കുറിപ്പോടെ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. അതേസമയം, സി പി എം നേതാവ് പി ജയരാജനും ഭീഷ്മ ശൈലിയിൽ സ്റ്റൈൽ ലുക്കിൽ രംഗത്ത് എത്തിയിരുന്നു.
ഈ വീഡിയോയും വൈറലായിരുന്നു. പി ജയരാജനും പാർട്ടി സഖാക്കളും ആണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജയരാജനെ ഇഷ്ടപ്പെടുന്ന നേതാക്കളും അനുകൂലിക്കുന്ന മറ്റ് പാർട്ടിക്കാർ പോലും ഈ വീഡിയോ വൈറൽ ആക്കി. പുറത്തു വന്ന വീഡിയോയ്ക്ക് പിന്നാലെ നിരവധി ലൈക്കുകളും ഷെയറും ലഭിച്ചിരുന്നു. ബിജിഎമ്മിന്റെ ചുവട് പിടിച്ച് മറ്റ് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.