തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെല്ലുവിളിച്ച് സുരക്ഷാഉദ്യോഗസ്ഥന്‍. എം.എസ്. ഗോപീകൃഷ്ണന്‍ എന്ന പോലീസുദ്യോഗസ്ഥനാണ് ഫെയ്‌സ്ബുക്കിലൂടെ വെല്ലുവിളി നടത്തിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റിനുതാഴെ കടയ്ക്കലെത്തുമ്പോള്‍ കാണാമെന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളായ പോലീസുദ്യോഗസ്ഥന്റെ കമന്റ്. കമന്റിന് താഴെയുള്ള തുടര്‍ കമന്റുകളില്‍ അസഭ്യഉള്ളടക്കങ്ങളാണുള്ളത്.
നവകേരള സദസ്സുമായ ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും വാഹനം തടയുന്നവരെ സുരക്ഷാഉദ്യോഗസ്ഥരെ അടിച്ചോടിക്കുന്നതും വലിയ വിവാദമായി നില്‍ക്കുന്നതിനിടെയാണ് സുരക്ഷാഉദ്യോഗസ്ഥന്‍ സാമൂഹികമാധ്യമത്തിലൂടെ വെല്ലുവിളി നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതുകൂടാതെ ആലപ്പുഴ കൈതവനയില്‍ വാഹനം തടയാന്‍ ശ്രമിച്ചവരെ സുരക്ഷാഉദ്യോഗസ്ഥര്‍ തന്നെ ലാത്തിയുമായി നേരിടുന്ന സാഹചര്യവും ഉണ്ടായി. എന്നാല്‍, ഇവയെല്ലാം ന്യായീകരിക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം വാഹനത്തിലുണ്ടാകേണ്ട സുരക്ഷാഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.