തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരസമിതിയുടെ ഉന്നത നേതാവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. തുറമുഖ നിർമാണം നിർത്താൻ കഴിയില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഞാൻ ഒരു സ്റ്റേറ്റ്സ്‍മാൻ ആയി ആക്ട് ചെയ്യണം എന്നാണ് പ്രതിപക്ഷം പറയുന്നത്. സർക്കാരിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നത്. ആഗസ്റ്റ് 16 നാണ് വിഴിഞ്ഞം സമരം തുടങ്ങുന്നത്. മന്ത്രിസഭ ഉപസമിതി ഓഗസ്റ്റ് 19 ന് ചർച്ച നടത്തി. 24 ന് വീണ്ടും ചർച്ച ചെയ്തു. അതായത് ഓഗസ്റ്റ് മാസത്തില്‍ രണ്ട് ചർച്ച നടത്തി. സെപ്തംബർ 5,23 തിയതികളില്‍ വീണ്ടും ചർച്ചകൾ നടന്നു. കൂടാതെ അനൗദ്യോഗിക ചർച്ചകൾ വേറെയും നടത്തിയിരുന്നു. വിഷയത്തില്‍ സർക്കാർ അലംഭാവം കാണിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സമര സമിതിയുടെ 7 ആവശ്യങ്ങളില്‍ 5 ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. പണി നിർത്തൽ ആവശ്യം അംഗീകരിച്ചില്ല. പിന്നെ ഉള്ളത് തീര ശോഷണ പഠനമാണ്. സമരത്തിന്‍റെ പ്രധാന നേതാവുമായി ഞാൻ ചർച്ച ചെയ്തു. സമരം നിർത്തണം എന്ന് ആവശ്യപ്പെട്ടു. പണി നിർത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തീര ശോഷണം പഠിക്കാൻ സമിതിയെ വെക്കാമെന്നും അറിയിച്ചു. പൂർണ്ണ സമ്മതം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തരത്തിനും സംഘർഷമുണ്ടാകരുത് എന്നാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ ഏത് വിധേനയും പ്രശ്നങ്ങളുണ്ടാക്കണമെന്നാണ് ചിലര്‍ക്ക്. അതാണ് വിഴിഞ്ഞത്ത് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പൊലീസ് കാണിച്ച സംയമനം മാതൃക പരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലീസ് സ്റ്റേഷൻ അക്രമണം പൊടുന്നനെ ഉണ്ടായതല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 5 പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. വാഹനങ്ങൾ തകർത്തു, പൊലീസ് സ്റ്റേഷൻ രേഖകൾ അടക്കം നശിപ്പിച്ചു. നാടിനും ജനതക്കും ആശങ്ക ഉണ്ടാക്കുന്ന അക്രമമാണ് നടന്നത്. അസ്വസ്ഥതയുടേയും വിദ്വേഷത്തിന്‍റെയും തീപ്പൊരി സമൂഹത്തിൽ വീഴ്ത്തരുത്. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ പിണറായി വിജയന്‍, അടിയന്തര പ്രമേയം അനുവദിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രമേയം പിൻവലിച്ചു.