പാലക്കാട്: സംസ്ഥാനത്ത് കോഴി ഇറച്ചി വില റെക്കാർഡിലേക്ക്. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 180-190 രൂപ നൽകണം. ഒരാഴ്ചക്കിടെ മാത്രം 80 രൂപയാണ് വർദ്ധിച്ചത്. ചൂട് കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഉത്പാദനം കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണം.
അടുത്ത ആഴ്ചകളിൽ കോഴി ഇറച്ചി വില ഇനിയും വർദ്ധിക്കുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള സൂചന. അതേസമയം, ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വില വർദ്ധന സാധാരണക്കാരെയും ഹോട്ടൽ ഉടമകളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്ത് ബ്രൊയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് കോഴിവില കൂടാൻ കാരണമായത്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ വില കുത്തനെ ഉയർത്തുന്നത്. കോഴി ഇറച്ചി 250-260 രൂപയും പോത്തിറച്ചിക്ക് 360 – 380 രൂപയും ആട്ടിറച്ചിക്ക് 780 – 800 രൂപയാണ് നിലവിലെ വില.
ചൂടു കൂടുന്നതനുസരിച്ച് കോഴികൾ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാൽ കോഴികൾക്ക് തൂക്കം കുറയുന്നു. സംസ്ഥാനത്ത് പ്രതിദിനം 8 – 10 ലക്ഷം കോഴികൾ വരെയാണ് വിൽപ്പന നടത്തുന്നത്. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തിൽ ചെറുകിട കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതിസന്ധികളുമെല്ലാം കാരണം ഇത്തരം ഫാമുകൾക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 – 40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90 – 100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.
കേരളത്തിൽ ഉത്പാദനം കുറയുന്ന സമയങ്ങളിലാണ് തമിഴ്നാട് ലോബികൾ വില കൂട്ടുന്നത്. കോഴി ഫാമുകൾ നടത്തുന്നവർക്ക് കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണ ചെലവ് എന്നിവയടക്കം ഒരു കിലോ കോഴി ഉത്പാദനത്തിന് 90 – 100 ചെലവു വരുമ്പോൾ തമിഴ്നാട്ടിൽ ഇത് വളരെ കുറവുമാണ്. കോഴിവില ഉയരുന്നതിന് അനുസരിച്ച് ഹോട്ടൽ ഭക്ഷണ ശാലകളിലെല്ലാം കോഴി വിഭവങ്ങൾക്കും വില കൂടുന്ന സ്ഥിതിയാണ്.