കൊച്ചി: ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയര്‍ന്നു. 165 രൂപയെന്ന സര്‍വകാല റെക്കോഡിലാണ് ഇറച്ചിക്കോഴിയുടെ വില എത്തിനില്‍ക്കുന്നത്. നാളെ പെരുന്നാള്‍ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയര്‍ന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി.
കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയര്‍ന്നത്. 100 രൂപയില്‍ താഴെയായിരുന്ന വില കഴിഞ്ഞയാഴ്ച 130 രൂപയായി ഉയര്‍ന്നു. എന്നാല്‍ ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ വില കുതിച്ച് ഉയര്‍ന്ന് 165 ല്‍ എത്തുകയായിരുന്നു. കോഴി കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 140 രൂപയ്ക്കാണ് ഇറച്ചിക്കോഴി ലഭിക്കുന്നത്. ഇതിനൊപ്പം ലോഡിംഗ് കൂലിയും ലാഭവും ചേര്‍ന്ന് കച്ചവടക്കാര്‍ വില്‍ക്കുന്നത് 165 രൂപയ്ക്ക്. വില ഉയര്‍ന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി.
വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തതാണ് ഇടനിലക്കാര്‍ വില ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. മീനിന്റെ ദൗര്‍ലഭ്യം കൂടി മുതലെടുത്താണ് വിശേഷദിവസങ്ങളില്‍ ഈ തട്ടിപ്പ് നടക്കുന്നത്. വില വര്‍ധിച്ചതോടെ ഹോട്ടലുകാരും പ്രതിസന്ധിയിലായി. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ കെപ്കോ വിലവര്‍ധിപ്പിച്ചിട്ടില്ല.
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 21നാണ്. മാസപ്പിറവി കാണാത്തതിനാലാണ് ദുല്‍ഖഅ്ദ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ദുല്‍ഹജ് ഒന്നും അതനുസരിച്ച് പെരുന്നാള്‍ ജൂലൈ 21ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്റി മുത്തുക്കോയ തങ്ങള്‍ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.