കൊച്ചി:സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് യമുന. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ദേവനെയാണ് യമുന വിവാഹം ചെയ്തത്. കൊല്ലം സ്വദേശിയായ യമുന തൊണ്ണൂറുകളിൽ ദൂരദർശനിലെ ഒരു ഓണം ആൽബത്തിൽ അഭിനയിച്ച് കൊണ്ടാണ് തന്റെ കരിയർ ആരംഭിച്ചത്.
പിന്നീട് സിനിമാ, സീരിയൽ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. വയലാർ മാധവൻ കുട്ടിയുടെ ജ്വാലയായ് എന്ന മെഗാഹിറ്റ് സീരിയലിലെ നെഗറ്റീവ് കഥാപാത്രം യമുനയ്ക്ക് ഏറെ പ്രശസ്തി നേടി കൊടുത്ത ഒന്നാണ്.
മമ്മൂട്ടി നായകനായ സ്റ്റാലിൻ ശിവദാസ് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു യമുനയുടെ സിനിമാ പ്രവേശനം. സിനിമകളിൽ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളെയാണ് യമുന അവതരിപ്പിച്ചത്.
മീശമാധവൻ, വാർ ആൻഡ് ലവ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ഈ പട്ടണത്തിൽ ഭൂതം എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു യമുന. അമ്മ, അമല, നിറക്കൂട്ട്, ചന്ദനമഴ എന്നീ സീരിയലുകളും യമുനയെ ഏറെ ശ്രദ്ധേയയാക്കിയവയാണ്.
ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ യമുനയെ ഏറെ പ്രിയങ്കരിയാക്കിയിരുന്നു. സിനിമാ സംവിധായകനായ എസ്.പി മഹേഷായിരുന്നു യമുനയുടെ ആദ്യ ഭർത്താവ്. പിന്നീട് ഇവർ വേർപ്പിരിയുകയായിരുന്നു.
ആമി, ആഷ്മി എന്നിങ്ങനെ രണ്ട് മക്കളും യമുനയ്ക്കുണ്ട്. സീരിയലുകളിൽ സജീവമായ യമുന ഇപ്പോൾ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും ഞാനുമെന്റാളും ഷോയിലെ മത്സരാർഥികളിൽ ഒന്ന് യമുനയും ദേവനുമാണ്.
കൂടാതെ ഫ്ലവേഴ്സ് ഒരു കോടിയിലും യമുന പങ്കെടുത്തിരുന്നു. ഇപ്പോഴിത ഞാനും ഞാനുമെന്റാളുമെന്ന ഷോയിൽ ദേവന്റെ കുടുംബാംഗങ്ങൾ മുഴുവൻ ഇരുവരേയും സപ്പോർട്ട് ചെയ്യാനായി വന്നിരുന്നു.
കുടുംബാംഗങ്ങൾ വന്ന എപ്പിസോഡിൽ ദേവനെ കുറിച്ച് സഹോദരി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സിനിമാ നടിയാകണമെന്ന ആഗ്രഹം കുട്ടിക്കാലത്ത് പറഞ്ഞപ്പോൾ പൊതിരെ തല്ലിയ ചേട്ടൻ ഇപ്പോൾ സിനിമാ നടിയെ കെട്ടി പിടിച്ചാണ് നടക്കുന്നതെന്നാണ് സഹോദരി പറഞ്ഞത്.
‘ഞാനിവിടെ വന്നതിനൊരു പ്രത്യേക ഉദ്ദേശമുണ്ട്. എനിക്കെന്റെ ഏട്ടനോട് പ്രതികാരം ചെയ്യണം. അതൊരു മധുരപ്രതികാരമാണ്. ഞങ്ങള്‍ പത്ത് മക്കളാണ്. ഏറ്റവും ഇളയ ആളാണ് ഞാന്‍. വീട്ടിലെല്ലാവരും എന്നെ ഒരുപാട് ലാളിച്ചും പുന്നാരിച്ചുമാണ് വളര്‍ത്തിയത്. എനിക്കൊരു ഏഴെട്ട് വയസുള്ള സമയത്ത് നടന്ന സംഭവമാണ്.’
‘അമ്മയുടെ മടിയിലിരിക്കുകയായിരുന്നു ഞാന്‍. വളര്‍ന്ന് വരുമ്പോള്‍ നിനക്ക് ആരാവാനാണിഷ്ടമെന്നായിരുന്നു അമ്മ ചോദിച്ചത്. അധികം ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. സിനിമാനടിയാവണം എന്ന് ഞാന്‍ പറഞ്ഞു. അമ്മ ഉടനെ തന്നെ എന്നെ നിലത്തേക്ക് നിര്‍ത്തി. നിര്‍ത്തിയതാണോ അതോ കുത്തിയതാണോയെന്ന് അറിയില്ല.’
‘അതിനിടയിലായിരുന്നു വല്യേട്ടന്‍ അതുവഴി വന്നത്. ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ഇവളിതെന്തിനാ ചിണുങ്ങുന്നെയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. അവള്‍ക്ക് സിനിമാ നടിയാവണമെന്ന് അമ്മ പറഞ്ഞു. അത് കേട്ടതും വല്യേട്ടന്‍ എന്നെ അടിച്ചു. അടുത്ത ആള്‍ വന്നപ്പോഴും ഇതേപോലെ തന്നെ.’
‘എന്നെ നുള്ളി നോവിക്കുക പോലും ചെയ്യാത്ത ആള്‍ക്കാരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എനിക്കാകെ സങ്കടമായിരുന്നു. കുറച്ച് പതുക്കെ കരയൂവെന്ന് പറഞ്ഞ് ചേച്ചിയും എന്നെ അടിച്ചിരുന്നു. അപ്പോഴാണ് സ്‌നേഹനിധിയായ ദേവേട്ടന്‍ വന്നത്.’
‘എന്നെ എടുത്തോണ്ട് പോവുന്നയാളാണ് അദ്ദേഹം. അതാണ് ഞാന്‍ പ്രതീക്ഷിച്ചത്. സിനിമാനടിയാവണമെന്ന ആഗ്രഹം കേട്ടപ്പോള്‍ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു ഏട്ടന്‍. ആ ആളാണ് ഇപ്പോള്‍ ഒരു സിനിമാ നടിയെ കെട്ടിപ്പിടിച്ച് നടക്കുന്നത്.’
‘എനിക്ക് ഇത് ഇപ്പോള്‍ പറയാനായില്ലെങ്കില്‍ പിന്നെ ഒരു അവസരം കിട്ടിയെന്ന് വരില്ല. ഏട്ടന് ഈ സംഭവം കൃത്യമായി അറിയാം. ഞാന്‍ ഇത് ഇവിടെ പറയുമെന്ന് ഏട്ടന്‍ കരുതിക്കാണില്ല’ ദേവന്റെ സഹോദരി പറഞ്ഞു.