ചേര്‍ത്തല: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തില്‍ ചേര്‍ത്തല സി.ഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സി.ഐയെ സ്ഥലം മാറ്റിയത്. പോലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉള്‍പ്പെട്ടിരിക്കുന്നത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മോന്‍സണ്‍ കേസില്‍ ശ്രീകുമാറിന്റെ പേര് ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് നടപടി.
മോന്‍സണ്‍ മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തില്‍ പി. ശ്രീകുമാര്‍ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. കേസില്‍ മോന്‍സണ് അനുകൂലമായ ഇടപെടല്‍ ശ്രീകുമാര്‍ നടത്തിയതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം വ്യാജ ബാങ്ക് രേഖകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ലാപ്ടോപ്പിലേയും ഡെസ്ടോപ്പിലേയും വിവരങ്ങള്‍ മോന്‍സണ്‍ ഡിലീറ്റ് ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ലാപ്ടോപ്പും ഡെസ്ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
എച്ച്എസ്ബിസി ബാങ്കില്‍ പണം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ്മോന്‍സണ്‍ വ്യാജ രേഖ തയ്യാറാക്കിയത്. മോന്‍സണ്‍ ഈ വ്യാജ രേഖ തയാറാക്കിയത് സ്വന്തം കംപ്യൂട്ടറിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
തട്ടിപ്പ് കേസില്‍ മോന്‍സനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം നടത്തുകയാണ് ക്രൈംബ്രാഞ്ച്. പാലാ സ്വദേശി രാജീവിന്റെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് പുറത്ത് വരുന്ന സൂചന. 10 കോടി രൂപ തട്ടിയെന്ന പരാതിയിലായിരുന്നു നേരത്തെ മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങിയത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കലിനെ ഈ മാസം 9 വരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡി ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുരവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. അവധി ആയിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി കേസ് പരിഗണിച്ചത്. അന്വേഷണം സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം എസിജെഎം കോടതി മോന്‍സണെ ഈ മാസം 9 വരെ റിമാന്റ് ചെയ്തു.
എന്നാല്‍ സംസ്‌കാര ടിവി തട്ടിപ്പുമായി ബന്ധപ്പെട്ടും തിരുവനന്തപുരം സ്വദേശിയായ ശില്‍പി സുരേഷിന്റെ പരാതിയിലും ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം തിങ്കളാഴ്ച മോന്‍സനായി കസ്റ്റഡി അപേക്ഷ നല്‍കും. അതിനിടെ, കേസില്‍ ജാമ്യം തേടി മോന്‍സണും തിങ്കളാഴ്ച കോടതിയെ സമീപിക്കുന്നുണ്ട്. നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു.