KeralaNews

അദാനി മോദിക്കും പിണറായിക്കും ഇടയിലെ പാലം; വൈദ്യുതി കരാര്‍ അഴിമതി ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോര്‍പ്പറേറ്റ് ഭീമന്‍ അദാനിയില്‍ നിന്നും സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയെന്ന അഴിമതി ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും അറിവോടെയാണ് കരാര്‍ കൊണ്ടുവന്നത്. സര്‍ക്കാരിനും ജനങ്ങള്‍ക്കും മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ചെന്നിത്തല വിമര്‍ശിച്ചു. അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി സഹായിക്കുകയുമാണ് മുഖ്യമന്ത്രി. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി. ജനങ്ങളുടെ പോക്കറ്റടിക്കാന്‍ അദാനിക്ക് പിണറായി വിജയന്‍ അവസരം ഒരുക്കി. ഇതിലൂടെ 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അദാനി ഗ്രൂപ്പില്‍നിന്ന് ഉയര്‍ന്ന വിലയ്ക്കു സൗരോര്‍ജ വൈദ്യുതി വാങ്ങാന്‍ പിണറായി സര്‍ക്കാര്‍ കരാറുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപണം ഉന്നയിച്ചിരിന്നു. യൂണിറ്റിന് 2 രൂപ നിരക്കില്‍ സൗരോര്‍ജ വൈദ്യുതി ലഭിക്കും എന്നിരിക്കെ 2.82 രൂപ നിരക്കിലാണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് കരാര്‍. 25 വര്‍ഷം കൂടി ഈ നിരക്കില്‍ കെഎസ്ഇബി വൈദ്യുതി വാങ്ങേണ്ടി വരും. യൂണിറ്റിന് ഒരു രൂപയോളം ഉപയോക്താക്കള്‍ അദാനിക്ക് കൂടുതല്‍ നല്‍കേണ്ടിവരും. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് കരാര്‍. ഇതിലൂടെ അദാനിക്കുണ്ടാകുന്ന ലാഭം 1,000 കോടിയോളം രൂപയാണ്.

കുത്തകകള്‍ക്കെതിരെ പ്രസംഗിക്കുകയും ജനങ്ങളുടെ കീശയില്‍ കയ്യിട്ടു വാരാന്‍ അവര്‍ക്കു സൗകര്യം കൊടുക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. അമേരിക്കന്‍ സാമ്രാജ്യത്വ കുത്തകകള്‍ക്കെതിരെ പ്രസംഗിക്കും. എന്നിട്ട് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിങ്ക്‌ലര്‍ പോലുള്ള കുത്തകള്‍ക്ക് മറിച്ചുവില്‍ക്കും. ഇഎംസിസി പോലുള്ള ആഗോള മുതലാളിത്ത കമ്പനികള്‍ക്ക് ചില്ലിക്കാശിന് നമ്മുടെ മത്സ്യസമ്പത്ത് തീറെഴുതും. പിഡബ്ല്യുസി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സെക്രട്ടേറിയറ്റില്‍ പോലും ഓഫിസ് തുറക്കാന്‍ അനുവദിക്കും.

അദാനി ഗ്രൂപ്പിനോടുള്ള പിണറായി സര്‍ക്കാരിന്റെ വിരോധം പ്രസിദ്ധമാണല്ലോ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഘോരയുദ്ധം നടക്കുകയുമാണ്. അതേ അദാനിയുമായാണ് പുതിയ കരാര്‍. അതിനു കൂട്ടായി ഇടതുപക്ഷത്തിന്റെ പുതിയ സഖ്യകക്ഷിയായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് അദാനിക്ക് കേരളത്തില്‍ ലാഭം നേടാന്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് വഴി തുറക്കുന്നത്.

പാരമ്പര്യേതര ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള റിന്യൂവല്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്റെ (ആര്‍പിഒ) മറവിലാണ് കരാര്‍. ഇതനുസരിച്ച് 5% വൈദ്യുതിയെങ്കിലും നമ്മള്‍ വാങ്ങേണ്ടിവരും. കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങാനാണ് അദാനിയുമായുള്ള കരാര്‍. ആര്‍പിഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയില്‍നിന്നും സോളറില്‍ നിന്നുമുള്ള വൈദ്യതിയും ഉള്‍പ്പെടുന്നു. 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഇതില്‍ പെടുന്നതാണ്. 25 മെഗാവാട്ടില്‍ താഴെയുള്ള ഒട്ടേറെ ജലവൈദ്യുത പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് ഒരു രൂപയില്‍ താഴെ നിരക്കില്‍ വൈദ്യുതി ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്.

സൗരോര്‍ജ വൈദ്യുതിക്ക് ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില. ആഗോള തലത്തില്‍ ഇതിന്റെ വില കുറയുകയും ചെയ്യുന്നുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും സൗരോര്‍ജ മേഖലയില്‍നിന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നിരിക്കെ അദാനിയില്‍നിന്ന് എന്തിന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി എന്നതാണ് ചോദ്യം. കരാര്‍ 25 വര്‍ഷത്തേക്കായതിനാല്‍ 25 വര്‍ഷവും കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവരും. ലോകത്തെവിടെയും ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല.

ആര്‍പിഒ അനുസരിച്ച് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ലഭ്യമായിട്ടും എന്തിന് കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് വാങ്ങാന്‍ കരാറുണ്ടാക്കി എന്ന ചോദ്യത്തിന് സിപിഎമ്മും ബിജെപിയും മറുപടി പറയണം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് പിന്‍വാതിലിലൂടെ അദാനി ഗ്രൂപ്പിനെ സഹായിക്കുകയാണ്.

അദാനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിമാനത്താവള കമ്പനിയുടെ ടെന്‍ഡര്‍ നടപടികള്‍കള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലള്ള കമ്പനി നല്‍കുന്ന ടെന്‍ഡറിന് സ്വകാര്യ കമ്പനികള്‍ സമര്‍പ്പിക്കുന്ന ടെന്‍ഡറിനെക്കാള്‍ 10% വരെ തുക കുറഞ്ഞാലും വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്റെ കമ്പനിക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കമ്പനി നല്‍കിയ ടെന്‍ഡര്‍ തുക അദാനിയെക്കാള്‍ കൃത്യമായി 12% കുറവായിരുന്നു. ഇത് യാദൃശ്ചികമാണോ? സംസ്ഥാന സര്‍ക്കാര്‍ കമ്പനി ക്വോട്ട് ചെയ്ത തുകയുടെ വിവരം അദാനി കമ്പനിക്ക് കിട്ടിയത് എങ്ങനെ? ഇത്രയും നിര്‍ണാകയമായ ടെന്‍ഡര്‍ നടപടിയുടെ ചുമതല അദാനിയുമായി ബന്ധമുള്ള കമ്പനിയെത്തന്നെ ഏല്‍പിച്ചതെന്തിന്?

മോദി അദാനി ബന്ധം നാട്ടില്‍ പാട്ടാണ്. പല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും അദാനിയുടെ കയ്യിലാണ്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളും മോദി അദാനിക്ക് തീറെഴുതി. ഇവിടെയാണ് പിണറായിയുടെ അദാനി പ്രേമം പുറത്താകുന്നത്. സ്വര്‍ണ കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പിന്നാക്കം പോയതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായി. പിണറായി – മോദി ബന്ധത്തിന്റെ ഇടനിലക്കാരന്‍ നിതിന്‍ ഗഡ്കരി മാത്രമല്ല. മോദിയുടെ അടുത്ത സുഹൃത്ത് അദാനിയാണ് ലാവലിന്‍ കേസ് ഉല്‍പ്പടെയുള്ള കാര്യങ്ങളില്‍ പിണറായിയെ സഹായിക്കുന്നതെന്നും വ്യക്തമാക്കുന്നന്നതാണ് പുതിയ കരാറെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button