കൊച്ചി: ചെങ്ങമനാട് 10-ാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (15)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.
വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിൻ്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.