പെൺകുട്ടികളിലെ ചേലാകർമം: കടുത്ത ആശങ്കയറിയിച്ച് സുപ്രീംകോടതി; ഇത് തടയാൻ നിയമമൊന്നുമില്ലേയെന്നും കോടതി

ന്യൂഡൽഹി: മുസ്‌ലിങ്ങളിലെ ദാവൂദി ബോറാ സമുദായത്തിൽപ്പെട്ട പെൺകുട്ടികളുടെ ചേലാകർമം നടത്തുന്ന ആചാരത്തിൽ കടുത്ത ആശങ്കയറിയിച്ച് സുപ്രീംകോടതി. പ്രധാന അവയവത്തിന് അംഗഭംഗം വരുത്തുന്നതിലൂടെ പെൺകുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ ആചാരം നിരോധിക്കാൻ രാജ്യത്ത് നിയമങ്ങളൊന്നുമില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു.

ശബരിമല ഉൾപ്പെടെയുള്ള വിഷയം പരിഗണിക്കുന്ന ഒൻപതംഗ ബെഞ്ചാണ് പെൺകുട്ടികളുടെ ചേലാകർമത്തെക്കുറിച്ച് ആശങ്കയറിയിച്ചത്.

ഏഴു വയസ്സുള്ള പെൺകുട്ടികളെയാണ് ചേലാകർമത്തിന് വിധേയമാക്കുന്നത് -അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ചൂണ്ടിക്കാട്ടി. ചർമം നീക്കംചെയ്യുന്നതിലൂടെ തിരിച്ചുകിട്ടാനാവാത്ത നഷ്ടമാണുണ്ടാക്കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ അവസ്ഥയെ ബാധിക്കും. കേരളത്തിലും മുസ്‌ലിങ്ങളിലെ ചില വിഭാഗങ്ങളിൽ ഇത് നടക്കുന്നുണ്ടെന്നും ലൂത്ര ചൂണ്ടിക്കാട്ടി.

ആരോഗ്യത്തെ ബാധിക്കുന്നു എന്ന ഒറ്റക്കാരണത്താൽത്തന്നെ ഇക്കാര്യത്തിൽ കൂടുതൽ വാദത്തിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് ജോയ്‌മാല്യാ ബാഗ്ചി പറഞ്ഞു. തന്റെ കുട്ടിയെ ചേലാകർമത്തിന് വിധേയമാക്കാൻ വിസമ്മതിക്കുന്ന മാതാപിതാക്കൾക്ക് സമുദായഭ്രഷ്ട് വരുമോയെന്നും അദ്ദേഹം ആരാഞ്ഞു. അതുണ്ടെന്ന് ലൂത്ര പറഞ്ഞെങ്കിലും അഡ്വ. നിസാം പാഷ എതിർത്തു. ഈ ആചാരം നിർബന്ധമാണെങ്കിലും ചെയ്തില്ലെന്നുകരുതി ശിക്ഷാനടപടിയില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പറഞ്ഞ ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള, നിസാം പാഷയുടെ വാദത്തോട് വിയോജിച്ചു.

: ഓരോ മതാചാരത്തെയും കോടതിയിൽ ചോദ്യംചെയ്യുന്നത് രാജ്യത്തിന്റെ പൗരാണികതയെ തകർക്കുമെന്ന് സുപ്രീംകോടതി. ദാവൂദി ബോറ വിഭാഗങ്ങൾക്കിടയിലെ സമുദായഭ്രഷ്ട് ചോദ്യംചെയ്ത് മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്നയുടെ പരാമർശമുണ്ടായത്. മതവുമായി ബന്ധപ്പെട്ട ആചാരമാണെങ്കിലും അത് മൗലികാവകാശത്തെ ബാധിക്കുന്നതാണെങ്കിൽ തടയണമെന്ന് രാജു രാമചന്ദ്രൻ വാദിച്ചു. ഓരോ ആചാങ്ങളും ചോദ്യംചെയ്തു തുടങ്ങിയാൽ മതവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ പൗരാണികതയ്ക്ക് എന്തു സംഭവിക്കുമെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഒട്ടേറെ വൈവിധ്യങ്ങളും നാനാത്വങ്ങളുമടങ്ങുന്ന പൗരാണികതയാണ് നമ്മുടേതെന്നും അവർ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News