വൈക്കം:എം.എൽ.എയുടെ ഓഫിസിൽ നിന്നും ജനറൽ ആശുപത്രിയിൽ എത്തിയ അമ്മയെയും മകളെയും കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം കെ.എസ് മംഗലം കുറ്റിക്കാട്ട് വീട്ടിൽ അനൂപി(33)നെയാണ് വൈക്കം ഡിവെ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്
ജൂലായ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. എം.എൽ.എ ഓഫിസിൽ അപേക്ഷ നൽകുന്നതിനായാണ് ഇരുമ്പൂഴിക്കര സ്വദേശിയായ അമ്മയും മകളും വൈക്കം എം.എൽ.എ ഓഫിസിൽ എത്തിയത്. ഇവിടെ എത്തിയ പ്രതി അനൂപ് അമ്മയും മകളുമായി അടുപ്പം സ്ഥാപിച്ചു.
ഇരുവരും ജനറൽ ആശുപത്രിയിലേയ്ക്കു പോയപ്പോൾ സഹായത്തിനെന്ന പേരിൽ പ്രതിയും ഒപ്പം കൂടി. തുടർന്ന് ആശുപത്രിയിൽ കയറിയ അമ്മ ഡോക്ടറെ കാണുന്നതിനിടെ പ്രതി മകളുടെ സമീപത്ത് എത്തി. തുടർന്നു, ഫീസിനും മറ്റ് ആവശ്യങ്ങൾക്കുമായി പണം ആവശ്യമുണ്ടെന്നു അറിയിച്ചു.
ഇവരുടെ കയ്യിലുണ്ടായിരുന്ന മൂന്നേകാൽ പവൻ തൂക്കം വരുന്ന മാലയും, രണ്ടു ഗ്രാം തൂക്കം വരുന്ന താലിയും 1500 രൂപ അടങ്ങിയ പം പ്രതി തട്ടിയെടുത്തു. തുടർന്നു ഇയാൾ സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. തുടർന്നു, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈ.എസ്.പി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിഹാബുദീൻ, എസ്.ഐ അജ്മൽ ഹുസൈൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, മനോജ്, സിവിൽ പൊലീസ് ഓഫിസർ സെയ്ഫുദീൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും മോഷണ മുതലുകൾ പൊലീസ് കണ്ടെത്തി. കോട്ടയം വെസ്റ്റ്, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന രീതിയിലുള്ള കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.