എല്ലാ പ്രശ്‌നങ്ങളും പ്രാര്‍ത്ഥനയിലൂടെ മാറ്റിത്തരാം! കോളേജ് അധ്യാപികയെ കബളിപ്പിച്ച് 33 ലക്ഷം തട്ടിയ യുവാവ് ഒടുവില്‍ പിടിയില്‍

ആലപ്പുഴ: റിട്ടയേഡ് കോളജ് അധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് പിടിയില്‍. എറണാകുളം സ്വദേശിയും പാമ്പാടി ആശാരിപ്പറമ്പില്‍ പൊന്നപ്പന്‍ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന ആളുമായ നോര്‍ബിന്‍ നോബി (40) യാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രാര്‍ഥനാ ചടങ്ങുകള്‍ക്കിടെ പരിചയപ്പെട്ട കുരിശുംമൂട് സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പ്രാര്‍ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചാണു നോര്‍ബിന്‍ പണം തട്ടിയെടുത്തതെന്നു പോലീസ് പറഞ്ഞു. പ്രാര്‍ഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകള്‍ പ്രാര്‍ഥനയ്‌ക്കെത്താന്‍ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കൈയില്‍ നിന്നു വാങ്ങിയത്.

വായ്പയായും ഇയാള്‍ ഭീമമായ തുക വാങ്ങി. രണ്ട് വര്‍ഷമായിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു. ഇതോടെയാണു പോലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു.

കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പോലീസ് നോര്‍ബിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളര്‍കോടുള്ള ലോഡ്ജില്‍ നിന്ന് ഇയാളെ പിടികൂടിയത്. എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാംമിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News