കോട്ടയം: തിരുനക്കരയിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും സമീപത്തെ തിയേറ്റര്‍ റോഡിലും ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്ത്രീവേഷം കെട്ടി തട്ടിപ്പ് നടത്തുന്ന പുരുഷസംഘങ്ങളുടെ അഴിഞ്ഞാട്ടം. സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ വിലസുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് ഇവരുടെ പരിപാടി. ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ പണിപാളുമെന്ന ഭയം കൊണ്ട് പോലീസ് ഒഴിഞ്ഞു നില്‍ക്കുകയാണ്.
രാത്രിയില്‍ സ്ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. അത്തരക്കാരെ തിയേറ്റര്‍ റോഡിലേക്ക് വിളിച്ചുകൊണ്ടു പോകുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി. പണം നഷ്ടമായാലും നാണക്കേടോര്‍ത്ത് ആരും പരാതി നല്‍കില്ല. ഇതാണ് തട്ടിപ്പ് സംഘം മുതലെടുക്കുന്നത്. മുമ്പ് ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി, തിരുനക്കര പരിസരങ്ങള്‍ കേന്ദ്രീകരിച്ചിരിച്ചാണ് തട്ടിപ്പ്.
തിരുനക്കര മൈതാനത്തിനു സമീപം ഒരാള്‍ സ്ഥിരമായി വഴിയാത്രക്കാരെ അസഭ്യ പറയുന്നതായും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം കടന്നുപോകുമ്പോഴാണ് അസഭ്യവര്‍ഷം. ഇത്തരം സാമൂഹ്യ വിരുദ്ധരെ നേരത്തെ പോലീസ് അടിച്ചോടിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അടികൊടുക്കാന്‍ ചെന്നാല്‍ കണ്ടു നില്‍ക്കുന്നവര്‍ വീഡിയോ പിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. പ്രത്യേകിച്ച് സ്ത്രീവേഷക്കാരായതിനാല്‍ പോലീസുകാരുടെ പണി പോകുമെന്ന ഭയന്ന് കണ്ണടയ്ക്കുകയാണ് പോലീസും.