സാമ്പത്തിക തട്ടിപ്പ് കേസ്: ഫാം ഫെഡ് എംഡിയും ചെയര്‍മാനും അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍. ഫാം ഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, എംഡി അഖില്‍ ഫ്രാന്‍സിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. നിരവധിയാളുകളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

ഫാം ഫെഡിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 16 ശാഖകളുണ്ട്. ഈ ശാഖകളിലൂടെ ഏകദേശം 250 കോടിയോളം രൂപ വിവിധ ആളുകളില്‍ നിന്ന് നിക്ഷേപമായി ഫാം ഫെഡ് സ്വീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നിക്ഷേപം നടത്തിയവര്‍ക്ക് ലാഭ വിഹിതമോ പണമോ തിരികെ ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് ഇതുസംബന്ധിച്ച് നിക്ഷേപകര്‍ പോലീസിന് പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മ്യൂസിയം പോലീസ് ഇരുവരെയും അറസ്റ്റുചെയ്തത്. ഇവര്‍ക്ക് എതിരെ കൂടുതല്‍ പരാതികള്‍ മറ്റ് പോലീസ് സ്റ്റേഷനുകളിലും വരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മ്യൂസിയം പോലീസ്. മ്യൂസിയം പോലീസിന് ലഭിച്ച പരാതിയില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News