തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പണം ഇരട്ടിപ്പിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഇവര്‍ കൊല്ലം തുളസിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. ജി കാപിറ്റല്‍ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്.
ഈ കമ്പനിയുടെ മറവില്‍ ഇവര്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ട് എന്നാണ് വിവരം. ഇക്കൂട്ടത്തിലാണ് കൊല്ലം തുളസിയും തട്ടിപ്പിനിരയായത്. പണം ഇരട്ടിപ്പിച്ച് നല്‍കാം എന്ന് പറഞ്ഞപ്പോള്‍ കൊല്ലം തുളസി ആദ്യം സന്തോഷ് കുമാറിനും ദീപക്കിനും രണ്ട് ലക്ഷം രൂപയായിരുന്നു നല്‍കിയിരുന്നത്. ഇത് നാല് ലക്ഷമായി കൊല്ലം തുളസിക്ക് തിരിച്ചു നല്‍കുകയും ചെയ്തു.
പിന്നീട് കൊല്ലം തുളസി നാല് ലക്ഷം രൂപ നല്‍കിയപ്പോള്‍ എട്ട് ലക്ഷം രൂപയായും തിരിച്ച് നല്‍കി. ഇതോടെ കൊല്ലം തുളസിക്ക് ഇവരില്‍ കൂടുതല്‍ വിശ്വാസമായി. അങ്ങനെയാണ് ഇവരെ 20 ലക്ഷം രൂപ ഏല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ ഒരു രൂപ പോലും അദ്ദേഹത്തിന് തിരിച്ച് കിട്ടിയില്ല. ഇതോടെ കൊല്ലം തുളസി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.
വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം ഉള്‍പ്പെടെയുള്ള നിരവധി പൊലീസ് സ്റ്റേഷനുകളില്‍ സന്തോഷ് കുമാറിനും ദീപക്കിനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിന് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികള്‍ രണ്ട് വര്‍ഷത്തോളമായി ഒളിവിലായിരുന്നു. ദല്‍ഹിയില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസിന്റെ വലയിലാകുന്നത്.