KeralaNews

എന്തുകൊണ്ട് കെഎസ് ചിത്ര വിമർശിക്കപ്പെടുന്നു: പൊലീസിനെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: ഗായിക കെഎസ് ചിത്രക്കെതിരായ വിമർശനങ്ങള്‍ക്കെതിരെ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍ രംഗത്ത്. കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കേരളാ പോലീസ് കാണുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് നമ്മുടെ നാടിന്റെ അനുഗ്രഹീത ഗായിക സൈബർ രംഗത്ത് ആക്രമിക്കപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്ത് കാര്യത്തിലും സഹിഷ്ണുത വേണമെന്ന് പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. റംസാൻ പുണ്യത്തെക്കുറിച്ച് ആർക്കും പറയാം, ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ശബരിമലയില്‍ അചാര ലംഘത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെഎസ് ചിത്രക്കെതിരേയും രംഗത്ത് വന്നിരിക്കുന്നത്.

അയോധ്യയിലേത് ഹൈന്ദവരുടെ 500 വർഷത്തെ കാത്തിരിപ്പാണ്. അതിൻ്റെ പേരിൽ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും വി മുരളീധരന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

സനാതന ധർമ്മത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നതെന്നും കെ സുരേന്ദ്രനും പ്രതികരിച്ചു. മലയാളത്തിന്റെ വാനമ്പാടിയെ അല്ലെങ്കിൽ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാൻ പിന്നെ കാരണമെന്താണ്? വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ മുതൽ കന്യാകുമാരി വരെയും, വടക്ക് കിഴക്ക് മുതൽ പടിഞ്ഞാറു വരെയും നാനാ മതസ്ഥർ, പല ഭാഷകൾ സംസാരിക്കുന്നവർ, പല ഭക്ഷണ രീതി പിന്തുടരുന്നവർ ഈ ദിനങ്ങൾ ആഘോഷകരമാക്കുമ്പോൾ ഇങ്ങ് പിണറായി ഭരണത്തിൽ നമ്മുടെ കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണം നടക്കുന്നത്.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോൺഗ്രസ്സ് ഇത് വരെ ഈ വിഷയത്തിൽ വാ തുറന്നിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിൽ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോൾ?ഈ സൈബർ ആക്രമണം നടത്തുന്ന ആളുകൾക്കെതിരെ കേരള പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. കെ എസ് ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker