കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കേസില്‍ ഒന്നാം പ്രതി എം. ശിവശങ്കറാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എം. ശിവശങ്കറും സന്തോഷ് ഈപ്പനും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റെല്ലാവരെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്‌നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം.
കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്‌ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. എം. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌ന ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്.
ശിവശങ്കറിനെയും സ്വപ്‌നയെയും കൂടാതെ സരിത്ത്, സന്ദീപ് തുടങ്ങി ആകെ 11 പ്രതികള്‍ക്കെതിരേയാണ് ഇപ്പോള്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏഴാം പ്രതിയാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ രണ്ട് കമ്പനികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.