ലഖ്നൗ: ഹാത്രാസ് കൂട്ടബലാല്‍സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നിരോധിത സംഘടനയായ സിമിയുടെ ‘ഭീകര അജന്‍ഡയെ സഹായിക്കാന്‍ ശ്രമിച്ചതായി’ ഉത്തര്‍പ്രദേശ് പോലീസിന്റെ കുറ്റപത്രം. കഴിഞ്ഞ ഏപ്രിലില്‍ മഥുര കോടതിയിലാണ് യു.പി. പോലീസിന്റെ പ്രത്യേക ദൗത്യസേന 5,000 പേജ് കുറ്റപത്രം സമര്‍പ്പിച്ചത്.
കാപ്പന്‍ പ്രസിദ്ധീകരിച്ച 36 ലേഖനങ്ങളും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. യു.പി. സര്‍ക്കാര്‍ നിരോധിക്കണമെന്നു താല്‍പ്പര്യപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും പോലീസ് ആരോപിക്കുന്നു. അതേസമയം, കുറ്റപത്രം ഇതുവരെ സിദ്ദിഖ് കാപ്പനു ലഭ്യമാക്കിയിട്ടില്ലെന്ന് കാപ്പന്റെ അഭിഭാഷകനായ വില്‍സ് മാത്യൂസ് പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നു പോലീസ് ആരോപിക്കുന്ന ഷര്‍ജില്‍ ഇമാമിനെക്കുറിച്ചും മറ്റുമുള്ള റിപ്പോര്‍ട്ടുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ വികാരം ഇളക്കിവിടുന്ന തരത്തിലും വര്‍ഗീയകലാപങ്ങള്‍ ഇളക്കിവിടാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അജണ്ടയെ സഹായിക്കുന്ന തരത്തിലുമാണ് കാപ്പന്റെ റിപ്പോര്‍ട്ടുകളെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, ആരോപണങ്ങള്‍ ഏകപക്ഷീയമാണെന്നും അറസ്റ്റിലായി ഒരു വര്‍ഷം പിന്നിട്ടിട്ടും കാപ്പനോ കൂട്ടുപ്രതികള്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടില്ലെന്നും അഭിഭാഷകനായ വില്‍സ് മാത്യൂസ് ആരോപിച്ചു. ‘സിദ്ദിഖ് കാപ്പന് ഒന്നും ഒളിക്കാനില്ല. നിരപരാധിത്വം തെളിയിക്കാനായി നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കുപോലും കാപ്പന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.’-വില്‍സ് മാത്യൂസ് പറഞ്ഞു.