ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. പ്രായപൂര്‍ത്തിയായവരില്‍ ലക്ഷണങ്ങളോടെ കോവിഡ് മൂര്‍ച്ഛിക്കുന്നവര്‍ക്കോ ആശുപത്രിയിലെത്തിക്കേണ്ട തരത്തില്‍ രോഗം ബാധിക്കുന്നവര്‍ക്കോ ആണ് ഗുളിക നല്‍കുക.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സിഎസ്ഐആര്‍ ചെയര്‍മാന്‍ ഡോ.രാം വിശ്വകര്‍മയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.”അഞ്ച് കമ്പനികള്‍ നിലവില്‍ മോള്‍നുപിരാവിന്‍ ഉത്പാദകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
കൊവിഡ് ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി മാത്രം വ്യാപിക്കുന്ന രോഗത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തില്‍ വാക്സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. ഏത് ദിവസം വേണമെങ്കിലും ഗുളികയ്ക്ക് അനുമതി ലഭിച്ചേക്കാം. കൊവിഡ് വൈറസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇത്.” അദ്ദേഹം പറഞ്ഞു.
മെര്‍ക്ക് യുഎസ്,റിഡ്ജ്ബാക്ക് ബയോതെറപ്യൂട്ടിക്സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് മോള്‍നുപിരാവിര്‍ വികസിപ്പിച്ചിരിക്കുന്നത്.വാക്സിനേഷന്‍ നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ ഗുളിക മികച്ച ഫലം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ എഫ്ഡിഎ അനുമതിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. ഗുളികയ്ക്ക് തുടക്കത്തില്‍ 2000 മുതല്‍ 4000 വരെയാവും ചിലവ്. ഇതില്‍ പിന്നീട് കുറവ് വരും.
ഫൈസര്‍ കമ്പനിയുടെ പാക്സ്ലോവിഡ് എന്ന ഗുളികയും വിപണിയിലെത്താന്‍ സാധ്യതകളേറെയാണ്. പക്ഷേ ഇതിന് അനുമതി ലഭിക്കാന്‍ കുറച്ച് കൂടി സമയമെടുത്തേക്കും. പാക്സ്ലോവിഡ് ഗുളികയുടെ ഉപയോഗം കോവിഡ് മരണസാധ്യതയോ ആശുപത്രി ചികിത്സയോ 89 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് ഫൈസര്‍ ക്ലിനിക്കല്‍ ട്രയലിന് ശേഷം അവകാശപ്പെടുന്നത്.