കൊച്ചി:സില്‍വര്‍ലൈന്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു ടെക്നോളജിയിലാണ് മാറ്റം വരുന്നതെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പറഞ്ഞു. വാസ്തവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് കെ റെയില്‍ പ്രശ്നത്തില്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ സില്‍വര്‍ ലൈന്‍ പ്രോജക്റ്റ് പരാജയപ്പെട്ടു, ശ്രീധരന്റെ പ്രോജക്റ്റ് ബദലായി ഉപയോഗിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങള്‍ക്കൊന്നും കഴമ്പില്ലെന്നും കെ.വി.തോമസ് പറയുന്നു. .
കെ റെയില്‍ കോര്‍പറേഷന്‍ കേരള സര്‍ക്കാരിന്റെ കോര്‍പറേഷനാണ്. സെമി ഹൈ സ്പീഡ് റെയില്‍ ആണ് കോര്‍പറേഷന്റെ ലക്ഷ്യം. വന്ദേഭാരതിന് വരെ 73 കിലോമീറ്റര്‍ വേഗം മാത്രമേയുള്ളൂ. റെയിലിന്റെ വളവ് തീര്‍ത്താല്‍ പോലും സ്പീഡ് കൂട്ടുന്നതില്‍ പരിമിതിയുണ്ട്. കേരളത്തിനു ഒരു എക്സ്ക്ലൂസീവ് റെയില്‍വേ ലൈന്‍ വേണം. അതിനാണ് കേരള സര്‍ക്കാര്‍ സെമിസ്പീഡ് ഹൈ സ്പീഡ് റെയില്‍വേ ലൈനുകള്‍ കൊണ്ടുവരുന്നത്.
ഈ പ്രോജക്ടിനാണ് സില്‍വര്‍ ലൈന്‍ എന്ന പേര് നല്‍കിയത്. സില്‍വര്‍ ലൈന്‍ എതിര്‍പ്പ് വന്നപ്പോള്‍ കേരളത്തില്‍ എതിര്‍പ്പ് തലപൊക്കി. ഡല്‍ഹിയില്‍ നിന്നും അനുമതി ലഭിച്ചില്ല. അതാണ് പ്രോജക്റ്റ് അനന്തമായി നീണ്ടുപോയത്. ഈ ഘട്ടത്തിലാണ് ഞാന്‍ ഈ മുഖ്യമന്ത്രിയുമായി പ്രൊജക്റ്റ് ചര്‍ച്ച ചെയ്യുന്നത്.
മെട്രോമാന്‍ ഇ.ശ്രീധരന്റെ പ്രോജക്റ്റുണ്ട്. ആകാശത്തുകൂടെയും ഭൂമിക്കടിയിലൂടെയും പോകുന്ന പ്രോജക്റ്റാണിത്. സെമി ഹൈസ്പീഡ് ട്രെയിന്‍ പ്രോജക്റ്റ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കൊടുത്ത പ്രൊപ്പോസലാണ്. ഈ ടെക്നോളജി കൊച്ചി മെട്രോയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോയിലും ഉപയോഗിച്ചിട്ടുണ്ട്. ആദ്യത്തെ സില്‍വര്‍ലൈന്‍ പ്രോജക്റ്റ് 63000 കോടിയാണ്. ഡിഎംആര്‍സിയുടെതാണ് ഒരു ലക്ഷം കോടി. കേന്ദ്രം അനുമതി നല്‍കുകയാണെങ്കില്‍ ഈ പ്രോജക്ടില്‍ സ്റ്റേറ്റിനു 30000 കോടിയേ നല്‍കേണ്ടി വരുകയുള്ളൂ. ബാക്കി എഴുപതിനായിരം കോടി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തും.
ഇ.ശ്രീധരന്റെ പ്രൊപ്പോസല്‍ മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇത് സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കട്ടെ. ഈ പ്രൊജക്ടില്‍ രാഷ്ട്രീയം കാണരുത്. മാധ്യമങ്ങളും പ്രതിപക്ഷവും ഈ പ്രൊജക്ടില്‍ പ്രശ്നം കാണാതിരുന്നാല്‍ മതി. കെലൈന്‍ മാറി ശ്രീധരന്‍ ലൈനായി എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്. . ദേശീയ റെയിലുമായി ബന്ധപ്പെടുന്ന പാത തന്നെയാണ് സെമി ഹൈസ്പീഡ് റെയിലില്‍ വരുന്നത്. ദേശീയ പാതയുമായി ബന്ധമില്ലാത്ത റെയില്‍ പാതയാണെങ്കില്‍ അതിനു കേന്ദ്രം അനുമതി നല്‍കില്ല. അതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ പ്രശ്നങ്ങള്‍ ഈ പദ്ധതിയില്‍ കടന്നുവരില്ല-കെ.വി.തോമസ് പറയുന്നു.
തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികമെന്നാണ് ഇ ശ്രീധരന്‍റെ നിലപാട്. കേരള സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. ഇതിന് ശേഷമാണ് മാറ്റങ്ങള്‍ നിർദ്ദേശിച്ചുള്ള റിപ്പോർട്ട് ശ്രീധരന്‍ കൈമാറിയത്. റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുകയായിരുന്നു.
ആദ്യം സെമി ഹൈസ്പീഡ് ട്രെയിന്‍ നടപ്പാക്കണം. എന്നിട്ട് ഹൈസ്പീഡിലേക്ക് മാറണമെന്നാണ് ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനസർക്കാർ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ നിർദ്ദേശം.
കേരളത്തില്‍ ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. കെ റെയിലിന്‍ അലൈൻമെന്റിലും അപാകതയുണ്ട്. അത് കൊണ്ട് നിലവിലെ ഡിപിആറില്‍ മാറ്റം വേണം. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നാണ് ശ്രീധരന്റെ റിപ്പോർട്ടില്‍ പറയുന്നത്.