തൃശ്ശൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോയെന്ന് സംശയമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പി. വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫ്. ജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ്. ഇനി വെറുതേ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന- രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്‌നം ഇത്രയേയുള്ളൂ, ബി.ജെ.പിക്ക് പത്ത്- പത്തൊന്‍പതിനായിരം വോട്ടുണ്ട് അവിടെ. ആ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി.ജെ.പി. വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും’, സി.പി.എം. സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.
ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ല. വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂ. പുതുപ്പള്ളിയിലെ വിധിയോടെ സര്‍ക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയെന്നും ഫലം സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്നതാവുമെന്ന മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചു.