കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാക്കിയൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. വൈകാരികതയ്ക്കപ്പുറം രാഷ്ട്രീയ മത്സരമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയൊരു ഉത്തരവാദിത്വമാണ് പാര്‍ട്ടിയേല്‍പ്പിച്ചത്. എന്നെക്കൊണ്ടാവുന്ന രീതിയില്‍ ആ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കും. എന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്നു പ്രവര്‍ത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്.
പുതുപ്പള്ളിയിലെ സാധാരണക്കാരുടെ ജീവിതത്തിന് മാറ്റം കൊണ്ടുവരാനും അവർക്ക് കൈത്താങ്ങാകാന്‍ അവരുടെ എം.എല്‍.എയ്ക്ക് എന്നും സാധിച്ചിരുന്നു. അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും. എന്നാല്‍ അതിനോടൊപ്പം രാഷ്ട്രീയ മത്സരമായാണ് കാണുന്നത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയമായിരുന്നു. ആ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണിത്. എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ.
വലിയൊരു ആഘാതമേറ്റ സമയമാണ്. അദ്ദേഹം അന്തരിച്ചിട്ട് 22 ദിവസങ്ങളായതെയുള്ളൂ. ആ ഖേദം മനസ്സിലുണ്ട്. എന്റെ അപ്പ ജീവിച്ചത് മുഴുവന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടിയാണ്. ആ പാര്‍ട്ടി ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അതിനു വേണ്ടി നില്‍ക്കുക എന്നത് എന്റെ കടമയാണ്. അദ്ദേഹം ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്- ചാണ്ടി ഉമ്മൻ പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, കെ.സി. വേണുഗോപാൽ, കെ സുധാകരന്‍, വി.ഡി. സതീശന്‍, എ.കെ ആന്റണി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരോട് നന്ദി അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.