KeralaNews

‘പുതുപ്പള്ളിയില്‍ ജയിയ്ക്കും; പിതാവിനെപ്പോലെ പ്രവർത്തിക്കുകയെന്നത് വെല്ലുവിളി:ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാക്കിയൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. വൈകാരികതയ്ക്കപ്പുറം രാഷ്ട്രീയ മത്സരമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയൊരു ഉത്തരവാദിത്വമാണ് പാര്‍ട്ടിയേല്‍പ്പിച്ചത്. എന്നെക്കൊണ്ടാവുന്ന രീതിയില്‍ ആ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കും. എന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്നു പ്രവര്‍ത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്.

പുതുപ്പള്ളിയിലെ സാധാരണക്കാരുടെ ജീവിതത്തിന് മാറ്റം കൊണ്ടുവരാനും അവർക്ക് കൈത്താങ്ങാകാന്‍ അവരുടെ എം.എല്‍.എയ്ക്ക് എന്നും സാധിച്ചിരുന്നു. അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും. എന്നാല്‍ അതിനോടൊപ്പം രാഷ്ട്രീയ മത്സരമായാണ് കാണുന്നത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയമായിരുന്നു. ആ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണിത്. എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ.

വലിയൊരു ആഘാതമേറ്റ സമയമാണ്. അദ്ദേഹം അന്തരിച്ചിട്ട് 22 ദിവസങ്ങളായതെയുള്ളൂ. ആ ഖേദം മനസ്സിലുണ്ട്. എന്റെ അപ്പ ജീവിച്ചത് മുഴുവന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടിയാണ്. ആ പാര്‍ട്ടി ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അതിനു വേണ്ടി നില്‍ക്കുക എന്നത് എന്റെ കടമയാണ്. അദ്ദേഹം ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്- ചാണ്ടി ഉമ്മൻ പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, കെ.സി. വേണുഗോപാൽ, കെ സുധാകരന്‍, വി.ഡി. സതീശന്‍, എ.കെ ആന്റണി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരോട് നന്ദി അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button