KeralaNews

ഇഫക്ടീവ്,മറ്റുള്ളവരേക്കുറിച്ച് കരുതലുള്ളയാള്‍ ജയ്ക്കിനേക്കുറിച്ച് ചാണ്ടി ഉമ്മന്‍;അച്ചു രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാന്‍ കാരണം

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ചാണ്ടി ഉമ്മന്‍ ഇന്ന് മണ്ഡലത്തില്‍ പദയാത്ര നടത്തുകയാണ്. ജനങ്ങളോടുള്ള നന്ദി പ്രകടനം കൂടിയാണ് പദയാത്ര. ഇതിനിടയ്ക്ക് ചില മരണ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം വളരെ പെട്ടെന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മന്‍ കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫലം വന്ന് നാലാം നാള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുന്നു എന്ന നേട്ടവും ചാണ്ടി ഉമ്മനുണ്ട്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതാണ് ചാണ്ടി ഉമ്മന് വേഗത്തില്‍ സത്യപ്രതിജ്ഞയ്ക്ക് വഴിയൊരുങ്ങിയത്.

തിരഞ്ഞെടുക്കപ്പെട്ട ശേഷം നിരവധി മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു.വിവാഹം, അച്ചു ഉമ്മന്റെ രാഷ്ട്രീയ പ്രവേശം, കോണ്‍ഗ്രസിലെ ഗ്രൂപ്പിസം, എതിര്‍ സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം പ്രതികരിച്ചു.

”ജെയ്ക് സി തോമസുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു തവണ മാത്രമാണ് സംഭാഷണം നടന്നത്. പള്ളിയിലെ ഒരു പരിപാടിയില്‍ രണ്ടു പേരും എത്തിയപ്പോഴായിരുന്നു അത്. സംസാരത്തിലും പ്രവൃത്തിയിലും വളരെ ഇഫക്ടീവായ നേതാവായിട്ടാണ് തോന്നിയത്. വീടിന്റെ കാര്യമെന്തായി എന്നും ചോദിച്ചു. മറ്റുള്ളവരെ പറ്റി കണ്‍സേണുള്ള നേതാവായും തോന്നിയെന്ന്” ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സഹോദരി അച്ചു ഉമ്മന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കുടുംബത്തില്‍ നിന്ന് ഒരാള്‍ രാഷ്ട്രീയത്തില്‍ മതിയെന്നത് അപ്പയുടെ തീരുമാനമാണ്. നേരത്തെ 2014ലും മറ്റും സ്ഥാനാര്‍ഥിയായി തന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ അപ്പ താല്‍പ്പര്യം കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടായിരുന്നു അത്. അതില്‍ ഒരു ശരിവശം ഉണ്ടായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ ആര് വേണമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. താന്‍ മതിയെന്നാണ് അന്ന് തീരുമാനിച്ചത്. അച്ചുവും മറിയവും വിഷയത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. അപ്പ സുഖമില്ലാത്ത വേളയില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ അപ്പയുടെ പോളിസിയാണ് തുടരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വിഷയങ്ങള്‍ക്ക് പ്രാധാന്യമില്ല. ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമാണ് നിലവിലെ വെല്ലുവിളി നേരിടാന്‍ സാധിക്കുക. രാഹുല്‍ പക്ഷമാണ് എന്റെത്. രാജ്യത്തും കേരളത്തിലും കോണ്‍ഗ്രസ് ആവശ്യമാണ്. പുതുപ്പള്ളിയില്‍ കെ സുധാകരനും വിഡി സതീശനും രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളുമെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിവാഹം സമയമാവുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button