KeralaNews

‘അവർക്കുമുണ്ട് നോവുന്ന ഹൃദയവും നിറയുന്ന കണ്ണുകളും’, ജെയ്കിന് പിന്തുണയുമായി സിന്ധു ജോയ്

കൊച്ചി:പുതുപ്പള്ളിയിലെ തോൽവിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നേരിടുന്ന സോഷ്യൽ മീഡിയ ആക്രമണത്തിന് എതിരെ പ്രതികരണവുമായി മുൻ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്. ജെയ്കിനും കുടുംബത്തിനും നേർക്ക് നടക്കുന്നത് മോബ് ലിഞ്ചിങ് ആണെന്ന് സിന്ധു ജോയ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

സിന്ധു ജോയിയുടെ കുറിപ്പ് വായിക്കാം: ഇതൊരു ആൾക്കൂട്ടക്കൊലപാതകമാണ്; നല്ല ഒന്നാന്തരം ‘മോബ് ലിഞ്ചിങ്’. സോഷ്യൽ മീഡിയ ഉൾപ്പെടെ സകല മാധ്യമങ്ങൾക്കും കല്ലെറിഞ്ഞു കൊല്ലാനും കൈകൊട്ടിച്ചിരിക്കാനും യോഗ്യനായ ഒരു ഇരയെ ലഭിച്ചിരിക്കുന്നു; മുപ്പത്തിമൂന്നു വയസുള്ള ഒരു ചെറുപ്പക്കാരനെ തന്നെ. അയാൾ മാത്രമല്ല, നിറഗർഭിണിയായ അയാളുടെ ഭാര്യപോലും ഈ ക്രൂരത അനുഭവിക്കുന്നു. മിതമായി പറഞ്ഞാൽ, മനുഷ്യത്വരഹിതമാണ്‌ ഈ വേട്ടയാടൽ.

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മൂന്നാംവട്ടവും മത്സരിച്ചു തോറ്റതാണോ ജെയ്ക്ക് സി തോമസ് ചെയ്ത അപരാധം? ജനാധിപത്യപ്രക്രിയയുടെ ഭാഗമാണത്; ജയവും തോൽവിയുമുണ്ടാകാം. ഇതേ, പുതുപ്പള്ളി മണ്ഡലത്തിൽ ഞാനും മത്സരിച്ചു തോറ്റതാണ്. എറണാകുളം പാർലമെന്റ് മണ്ഡലത്തിലും മത്സരിച്ചു; അവിടെയും പരാജയപ്പെട്ടു.

അന്ന്, സോഷ്യൽ മീഡിയ ഇത്രയൊന്നും രൗദ്രഭാവം പ്രാപിച്ചിട്ടില്ലായിരുന്നുവെന്നത് വാസ്തവം. മറ്റു ചിലവയായിരുന്നു അന്നത്തെ ട്രെൻഡ്! പുതുപ്പള്ളി തെരെഞ്ഞെടുപ്പിൽ ഇതുവരെ ഒരഭിപ്രായവും ഞാൻ പറഞ്ഞിട്ടില്ല. നിരവധി മാധ്യമ സുഹൃത്തുക്കൾ ബന്ധപ്പെട്ടിരുന്നു. പക്ഷേ, രാഷ്ട്രീയവിഷയങ്ങളിൽ അഭിപ്രായം പറയാൻ തൊഴിൽപരമായ പരിമിതി ഉള്ളതുകൊണ്ട് പ്രതികരിച്ചില്ല എന്നുമാത്രം. എങ്കിലും, പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പ്രായത്തിലേറെ പക്വതയുള്ള യുവനേതാവാണ്‌ ജെയ്ക്ക് സി തോമസ്. അമിത വൈകാരികത ഒരിടത്തും കാണിക്കാത്ത പ്രകൃതം. അയാൾ പറയുന്നതത്രയും രാഷ്ട്രീയമാണ്. എനിക്ക് ഏറെ അഭിമാനം തോന്നിയിട്ടുണ്ട് എസ്എഫ്ഐയിലെ ഈ പിന്മുറക്കാരന്റെ നിലപാടുകളിലും സ്വഭാവത്തിലും. ജെയ്ക്കും കുടുംബവും ഇപ്പോൾ നമ്മുടെ പിന്തുണയർഹിക്കുന്നുണ്ട്; മാനസികമായും സാമൂഹികമായുമുള്ള ഉപാധിരഹിതമായ പിന്തുണ തന്നെ.

ആ കൊച്ചു കുടുംബം കടന്നുപോകുന്ന അവസ്ഥ അതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസവത്തിനൊരുങ്ങുന്ന ഭാര്യ, കഴിഞ്ഞ ഒരു മാസത്തിലേറെ നീണ്ട ഓട്ടപ്പാച്ചിലിൽ ആകെത്തളർന്ന ഭർത്താവ്, വൃദ്ധയായ അമ്മ… ഇതാണ് അയാളുടെ കുടുംബം. മാനസികമായ പിന്തുണ നൽകിയില്ലെങ്കിലും അവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ഇരുമ്പുകൊണ്ടും മണ്ണുകൊണ്ടും സൃഷ്ടിക്കപ്പെട്ടവരല്ല; അവർക്കുമുണ്ട് നോവുന്ന ഹൃദയവും നിറയുന്ന കണ്ണുകളും.

ഏതു പക്ഷത്തുള്ള രാഷ്ട്രീയ കുടുംബങ്ങൾക്കും ഇത് ബാധകമാണ്. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു; ഇനിയെങ്കിലും അവരെ വെറുതെ വിടുക.
സഹിഷ്‌ണുത കൊണ്ടു കൂടിയാണ് ജനാധിപത്യം സുന്ദരമായൊരു രാഷ്ട്രീയ പ്രക്രിയ ആകുന്നത്. വെറുപ്പിന്റെ ഗോദയിൽ എതിരാളിയെ മലർത്തിയടിച്ചശേഷം ഉന്മാദംകൊണ്ട് ആർത്തട്ടഹസിക്കുന്ന അശ്ലീലമല്ല ജനാധിപത്യം. അല്ലെങ്കിൽത്തന്നെ, ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പീടിക തുറക്കാം’ എന്നതാണല്ലോ ജനാധിപത്യ ഇന്ത്യയുടെ പുതിയ മുദ്രാവാക്യം”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker