ശ്രീഹരിക്കോട്ട: പ്രഗ്യാന്‍ റോവറിന് പിന്നാലെ വിക്രം ലാന്‍ഡറും സ്ലീപ് മോഡിലേക്ക്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വിക്രം ലാന്‍ഡറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
“ഇന്ന് ഇന്ത്യന്‍ സമയം രാവിലെ എട്ട് മണിക്ക് വിക്രം ലാന്‍ഡര്‍ സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു. പുതിയ സ്ഥാനത്ത് നിന്ന് പേലോഡുകള്‍ നടത്തിയ പര്യവേക്ഷണവിവരങ്ങള്‍ അതിനുമുമ്പേ ഭൂമിയിലെത്തിക്കഴിഞ്ഞു. പേലോഡുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അതേസമയം ലാന്‍ഡറിന്റെ റിസീവറുകള്‍ ഓണ്‍ ആണ്. സൗരോജ്ജം കുറയുന്നതിനനുസരിച്ച് ബാറ്ററിയുടെ ചാര്‍ജ് കുറയുന്നതോടെ പ്രഗ്യാന് പിന്നാലെ വിക്രമും ഉറക്കത്തിലേക്ക് നീങ്ങും. 2023 സെപ്റ്റംബര്‍ 22 ഓടെ ഇരുവരും നിദ്ര വിട്ടുണരുമെന്ന് പ്രതീക്ഷിക്കുന്നു”.
ചന്ദ്രനിലിറങ്ങുന്നതിന് മുമ്പും ശേഷവും ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇതോടൊപ്പം- ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഈ പോസ്റ്റിന് മുമ്പ് ഐഎസ്ആര്‍ഒ പങ്കുവെച്ച മറ്റൊരു കുറിപ്പില്‍ ലാന്‍ഡര്‍ ഒരുവട്ടം കൂടി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതായി അറിയിച്ചിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ലാന്‍ഡര്‍ 40 സെന്റിമീറ്ററോളം ചന്ദ്രോപരിതലത്തില്‍ നിന്ന് (ശിവശക്തി പോയന്റ്) ഉയര്‍ന്നുപൊങ്ങിയ ശേഷം 30-40 സെന്റിമീറ്റര്‍ അകലെയായി സുരക്ഷിതമായി വീണ്ടും ലാന്‍ഡ് ചെയ്തുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അതിനുശേഷമാണ് ലാന്‍ഡര്‍ സ്ലീപ് മോഡിലേക്ക് മാറിയത്.
ലാന്‍ഡറിന്റെ കുതിച്ചുചാട്ടത്തിനിടെ ചന്ദ്രോപരിതലത്തിലെ പൊടിപടലം ഉയര്‍ന്നുപൊങ്ങുന്നത് ഐഎസ്ആര്‍ഒ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമായി കാണാം. എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്നും ലാന്‍ഡറിന് യാതൊരു തകരാറുമില്ലെന്നും ലാന്‍ഡറിന്റെ കുതിപ്പും സുരക്ഷിതമായ ലാന്‍ഡിങ്ങും വ്യക്തമാക്കുന്നതായും ഭാവിദൗത്യങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രതീക്ഷയും വിശ്വാസവും പകരുന്നതായും ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച പ്രഗ്യാന്‍ റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയിരുന്നു. എങ്കിലും ബാറ്ററികള്‍ ചാര്‍ജ് ചെയ്യുകയും റീസിവര്‍ പ്രവര്‍ത്തനക്ഷമമാക്കി വെക്കുകയും ചെയ്തിരുന്നു. പുതിയ കര്‍ത്തവ്യങ്ങള്‍ക്കായി പ്രഗ്യാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ കുറിച്ചിരുന്നു, മറിച്ചായാലും ഇന്ത്യയുടെ ലൂണാര്‍ അംബാസഡറായി പ്രഗ്യാന്‍ എക്കാലവും അവിടെ തുടരുമെന്നും.