NationalNews

ചന്ദ്രയാൻ 3 പകർത്തിയ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ടു; ഭ്രമണപഥം താഴ്ത്തൽ അൽപസമയത്തിനകം

ഡൽഹി: ചന്ദ്രയാൻ 3 പകർത്തിയ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ചാന്ദ്രഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ ദൃശ്യങ്ങളാണിത്. ആദ്യ ഭ്രമണപഥം താഴ്ത്തൽ അൽപസമയത്തിനകം നടക്കും.

നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവപ്പെടുന്നു എന്ന ട്വീറ്റോടെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പേടകം പിന്നിട്ടു കഴിഞ്ഞു.

അഞ്ച് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ഈ മാസം 23-ന് ആയിരിക്കും സോഫ്റ്റ് ലാൻഡിങ്. ഈ മാസം 17-ന് ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അടുത്തെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടും. പിന്നീട് ലാൻഡർ സ്വയം മുന്നോട്ട് കുതിക്കും. ചന്ദ്രയാൻ- 2 ദൗത്യത്തിൽ സംഭവിച്ച പിഴവുകളെല്ലാം പരിഹരിച്ചു കൊണ്ടാണ് ചന്ദ്രയാൻ മൂന്ന് ദൗത്യവുമായി ഐഎസ്ആർഒ മുന്നോട്ട് പോയത്.

ഇതുവരെ പേടകത്തിന്റെ പ്രവർത്തനം ഉദ്ദേശിച്ച നിലയിലാണ്. ചന്ദ്രനെ തൊടാൻ ഇനി 17 ദിവസം മാത്രമാണ് ബാക്കി. ബഹിരാകാശ പര്യവേഷണത്തിലെ നിർണായക നേട്ടത്തിനായി, ചന്ദ്രയാൻ-3 ചന്ദ്രനെ തൊടുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യവും ശാസ്ത്ര ലോകവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button