നിലമ്പൂര്‍: മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ തള്ളിയ കേസില്‍ പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ചാലിയാര്‍ പുഴയോരത്തും മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ വീട്ടിലും തെളിവെടുത്തു നടത്തും.
വ്യവസായി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്. ഷാബാ ഷരീഫിനെ (60) ഒന്നേകാല്‍ വര്‍ഷം തടങ്കലില്‍ പാര്‍പ്പിച്ച ശേഷം 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളിയെന്നാണു കേസ്. സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് ചികിത്സാരഹസ്യം ചോര്‍ത്തിയെടുക്കാനാണ് തടങ്കലില്‍ പാര്‍പ്പിച്ചതെന്ന് പറയുന്നു.
പ്രവാസി വ്യവസായിയെ വീട്ടില്‍ കയറി ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയെന്ന കേസിലാണ് നാടകീയ വഴിത്തിരിവിനൊടുവില്‍ പരാതിക്കാരന്‍തന്നെ അറസ്റ്റിലായത്. ഏപ്രില്‍ 24ന് രാത്രി വീട് ആക്രമിച്ച് ഷൈബിനെ ബന്ദിയാക്കി 7 ലക്ഷം രൂപ കവര്‍ന്നെന്ന കേസില്‍ ഷൈബിന്റെ സഹായിയായ ബത്തേരി തങ്ങളകത്ത് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശേഷിച്ച 6 പ്രതികളില്‍ 5 പേര്‍ 29ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ജീവന്‍ അപകടത്തിലാണെന്നും ഷൈബിനു വേണ്ടി കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും വെളിപ്പെടുത്തി. ഇവര്‍ നല്‍കിയ പെന്‍ഡ്രൈവില്‍നിന്നാണ് ഷൈബിന്റെ വീട്ടില്‍ മൈസൂരു സ്വദേശിയെ തടവില്‍ പാര്‍പ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കിട്ടിയത്.