KeralaNews

ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുറഞ്ഞു; കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

തൃശൂര്‍: ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു. രാത്രി മഴ വലിയ മഴയില്ലാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. നിലവില്‍ 4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 8.1 മീറ്ററാണ് അപകടകരമായ ജലനിരപ്പ്. ഷോളയാറില്‍ നിന്നും പറമ്പിക്കുളത്തുനിന്നും വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ വലിയ ജാഗ്രത വേണമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടര അടിയോളം ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചമുതല്‍ പ്രദേശത്ത് മഴ പെയ്തിരുന്നില്ല.

ഇന്നലെയാണ് ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 2663 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2662.8 അടിയെത്തിയപ്പോഴാണ് ഡാം തുറന്നത്. ചാലക്കുടി ടൗണില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഷോളയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

അതേസമയം കുട്ടനാട്ടില്‍ പള്ളാത്തുരുത്തി, നെടുമുടി, കാവാലം മേഖലകളില്‍ ജലനിരപ്പുയര്‍ന്നു. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചു. എ.സി റോഡില്‍ വെള്ളം കയറി. കുട്ടനാട് ഒന്നാംകരയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിട്ടുണ്ട്.

ഇടമലയാര്‍ ഡാം തുറന്നതോടെ ഭൂതത്താന്‍ കെട്ടിലേക്ക് വെള്ളമെത്തിത്തുടങ്ങി. നിലവില്‍ ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പുയര്‍ന്നുതുടങ്ങി. കാലാവസ്ഥ അനുകൂലമായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാറിലെ വെള്ളം, കാലടി, ആലുവ മേഖലയില്‍ 12 മണിയോടെ എത്തും. വെള്ളം കൂടുതലായി എത്തുന്നതോടെ അരമണിക്കൂറിനകം ഭൂതത്താന്‍കെട്ടിലെ നീരൊഴുക്കും പെരിയാറിലെ ജലനിരപ്പും വര്‍ധിക്കും. നിലവില്‍ പെരിയാറിലെ ജലനിരപ്പ് താഴ്ന്നുനില്‍ക്കുന്നതിനാല്‍ ആശങ്ക വേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലവും ഉച്ചയോടെ ഭൂതത്താന്‍കെട്ടിലെത്തും. ഭൂതത്താന്‍കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. എറണാകുളത്ത് കൊവിഡ് രോഗികള്‍ക്ക് മാത്രമായി തന്നെ പ്രത്യേകം ക്യാംപുകളും സജ്ജമാക്കിയിട്ടുണ്ട്. ഇടമലയാറിലെ വെള്ളം ആലുവയിലെത്താന്‍ നാല് മണിക്കൂര്‍ പിന്നിടും. ഇടുക്കി ഡാം തുറന്നാല്‍ ഉച്ചയ്ക്കുശേഷമാകും വെള്ളം ആലുവയിലെത്തുക.

പമ്പ, ഇടമലയാര്‍ ഡാമുകളാണ് ഇന്ന് പുലര്‍ച്ചെയോടെ തുറന്നത്. രാവിലെ അഞ്ചുമണിയോടെയാണ് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പയില്‍ ജലനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ ഭക്തര്‍ക്ക് ദര്‍ശനാനുമതിയില്ല. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഇന്ന് തുറന്നത്.

25 ഘന അടി മുതല്‍ പരമാവധി 50 ഘന അടി വരെ വെള്ളമാണ് പമ്പ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്. രണ്ട് ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തുകയായിരുന്നു. കക്കി- ആനത്തോട് ഡാമിനെ അപേക്ഷിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്ന ഈ വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോള്‍ പമ്പയിലെ ജലനിരപ്പ് 10-15 സെന്റിമീറ്റര്‍ മാത്രമാണ് ഉയര്‍ന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോള്‍ ജലനിരപ്പ് 20-25 സെന്റിമീറ്റര്‍ വരെ ഉയരാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button