ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് കാട്ടാന തകർത്തത്. കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്.
ചക്കകൊമ്പൻ ആണ് വീട് തകർത്തതെന്നാണ് ആദിവാസികൾ പറയുന്നത്. ഗോപി നാഗന്റെ കുടുംബം കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി അടിമാലിക്ക് പോയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
കഴിഞ്ഞ ദിവസം പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ചക്കക്കൊമ്പൻ റേഷൻ കട തകര്‍ത്തിരുന്നു. അരിക്കൊമ്പനെ നാടുകടത്തിയതോടെ സ്വസ്ഥമായ പന്നിയാർ എസ്റ്റേറ്റിനെ ആശങ്കയിലാക്കുകയാണ് ചക്കക്കൊമ്പൻ. ഇന്ന് പുലർച്ചെ മേഖലയിലെത്തിയ കാട്ടാന റേഷൻ കടയുടെ ചുമരുകൾ തകർത്ത് അരി ഭക്ഷിച്ചു. ബഹളം കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്നതോടെ ആന വനത്തിലേക്ക് മടങ്ങി.
അതിനിടെ മറയൂരിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് കർഷകന് ഗുരുതര പരുക്കേറ്റു. മറയൂർ മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്നലെ രാത്രി കൃഷിയിടത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അന്തോണി ചികില്‍സയിലാണ്. ജില്ലയിലെ വന്യജീവി ആക്രമണങ്ങൾക്ക് ശശ്വാത പരിഹാരമാവശ്യപ്പെട്ട് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ ഇന്ന് ബഹുജന റാലി നടത്തും.