പത്മജയ്ക്കു പിന്നാലെ പത്മിനിയും;കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഇന്ന് ബിജെപിയിൽ ചേരും
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഇന്ന് ബിജെപിയില്‍ ചേരും. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. താന്‍ ബിജെപിയില്‍ ചേരുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പത്മിനി തോമസ് പറഞ്ഞു.
1982ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും 4 x 400 മീറ്റർ റിലേയിൽ വെള്ളിയും നേടി. എൻഐഎസ് ഡിപ്ലോമ നേടി റെയിൽവേ ടീമിന്റെ പരിശീലകക്കുപ്പായത്തിലും പത്മിനി തിളങ്ങി. അർജുന അവാർഡും ജി.വി.രാജ അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ സംഘടിപ്പിച്ചു. കോളജ് ഗെയിംസും പുനരാരംഭിച്ചു.
പത്മിനിക്ക് പുറമേ മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തെ കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുമാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്നാണ് വിവരം.
രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത്. പുതുതായി പാര്‍ട്ടിയിൽ ചേരുന്ന നേതാക്കൾ പ്രമുഖരാവുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.