കൊച്ചി: കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം കണ്ടവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പുഴയുടെ തുരുത്തില്‍ പുല്ലരിഞ്ഞ് കൊണ്ട് നില്‍ക്കുകയായിരുന്നു 72 വയസ്സുള്ള കാര്‍ത്തു. തൊട്ടപ്പുറത്ത് പാറപ്പുറത്ത് അതാ ഒരു ചീങ്കണ്ണി. പക്ഷെ കാര്‍ത്തുവിന്റെ ശ്രദ്ധ പുല്ല് അരിയുന്നതില്‍ മാത്രമായിരുന്നു. ചീങ്കണ്ണി കാര്‍ത്തുവിനെയും കാര്‍ത്തു ചീങ്കണ്ണിയെയും കണ്ടിരുന്നോ എന്നാണ് ആ ചിത്രം കണ്ടവരെല്ലാം സംശയിച്ചത്.
കാര്‍ത്തുവിന് ഈ സംശയവും ഞെട്ടലും ഒന്നുമില്ല. പുല്ലരിയാന്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ ചീങ്കണ്ണിയെ കാണാറുണ്ടെന്നാണ് കാര്‍ത്തു പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് പുല്ലരിയാന്‍ എത്തിയപ്പോള്‍ മറുവശത്ത് ഇരുന്ന ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
‘ചാലക്കുടി പുഴ ഒഴുകുന്ന വെറ്റിലപ്പാറയില്‍ പാറപ്പുറത്ത് കിടക്കുന്ന മുതലക്ക് അരികില്‍ പുഴയിലെ പുല്ല് അരിയുന്ന ഒരു മരണമാസ്സ് ചാലക്കുടിക്കാരി അമ്മൂമ്മ… ഇതിലും വലിയ ധൈര്യം സ്വപ്നങ്ങളില്‍ മാത്രം..’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോയും പ്രചരിച്ചത്. ഇവിടെ ചീങ്കണ്ണി സാന്നിധ്യം സ്ഥിരമായുണ്ട്. ‘ചീങ്കണ്ണി ഉപദ്രവിക്കാറില്ല.
നമുക്ക് ജീവികളെ ഉപദ്രവിക്കേണ്ട കാര്യമില്ലല്ലൊ. അതുകൊണ്ട് അവയും നമ്മളെ ഉപദ്രവിക്കില്ല’, എന്നാണ് കാര്‍ത്തു പറയുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ 35 വര്‍ഷം ജോലിചെയ്ത ഇവര്‍ വിരമിച്ച ശേഷം 15 പശുക്കളെയും 5 പൂച്ചയും 4 പട്ടികളെയും വളര്‍ത്തുന്നുണ്ട്.