ഡൽഹി:ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയോട് ഇന്ത്യയിൽ വാഹന നിർമാണം ആരംഭിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. നികുതിയുമായി ബന്ധപ്പെട്ട ഇളവുകളെ സംബന്ധിച്ച് അതിന് ശേഷം പരിഗണിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്‍ല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു വാഹന നിർമാണക്കമ്പനിക്കും സർക്കാർ അത്തരം ഇളവുകൾ നൽകുന്നില്ലെന്നും ടെസ്‍ലയ്ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ച മറ്റ് കമ്പനികൾക്ക് നല്ല സൂചന നൽകില്ലെന്നും ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ, പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവ സർക്കാർ ഈടാക്കുന്നു, എഞ്ചിൻ വലുപ്പവും ചെലവും, ഇൻഷുറൻസ്- ചരക്ക് (സിഐഎഫ്) മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇത് ചുമത്തുന്നത്.
കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ തീരുവ 40 ശതമാനം എന്ന നിലയിൽ മാനദണ്ഡമാക്കണമെന്നാണ് സർക്കാരിനോട് ടെസ്‍ല ആവശ്യപ്പെട്ടിരുന്നത്.
ഈ മാറ്റങ്ങൾ ഇന്ത്യൻ ഇവി ഇക്കോസിസ്റ്റത്തിന്റെ വികസന സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും, വിൽപ്പന, സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കമ്പനി നേരിട്ട് നിക്ഷേപം നടത്തുമെന്നും കമ്പനി പ്രസ്താവിച്ചു. ആഗോള പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള സംഭരണം ഗണ്യമായി വർദ്ധിപ്പിക്കാനും ടെസ്‍ലയ്ക്ക് പദ്ധതിയുണ്ട്.
ടെസ്‍ലയുടെ ഈ നിർദേശങ്ങൾ ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ പ്രതികൂല സ്വാധീനം ചെലുത്തുകയില്ലെന്നും കമ്പനി വാദിക്കുന്നു. ഇ-വാഹനങ്ങളിൽ രാജ്യത്തിന്റെ ഊന്നൽ കണക്കിലെടുത്ത് ടെസ്‍ലയ്ക്ക് ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള സുവർണ്ണാവസരമുണ്ടെന്ന് നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.