മുംബൈ: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറായിരുന്നെങ്കിൽ പ്രമുഖരടക്കം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. വാക്സിൻ കേന്ദ്രങ്ങളിൽ പോകാൻ സാധിക്കാത്ത മുതിർന്ന പൗരന്മാരുടെ ജീവനെക്കുറിച്ച് ആശയങ്കയുളളപ്പോൾ എന്തുകൊണ്ടാണ് അവർക്കുവേണ്ടി അത്തരമൊരു നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആരാഞ്ഞു.
75 മുകളിൽ പ്രായമുളളവരോ, ഭിന്നശേഷിക്കാരോ, കിടപ്പുരോഗികളോ, വീൽചെയറിയിൽ കഴിയുന്നവരോ ആയ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാൽ തിവാരി എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ദിപൻകർ ദത്ത, ജസ്റ്റിസ് ജി.എസ്.കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വീടുകളിലെത്തി വാക്സിൽ നൽകേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഏപ്രിൽ 22ലെ ഹൈക്കോടതി ഉത്തരവ് കോടതി വീണ്ടും ആവർത്തിച്ചു. മൂന്നു ആഴ്ചകൾ പിന്നിട്ടിട്ടും സർക്കാർ ഇതുവരെ തീരുമാനം കോടതിയെ അറിയിച്ചില്ലെന്ന് കോടതി പറഞ്ഞു. മെയ് 19നകം ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പല വിദേശ രാജ്യങ്ങളും മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന കാര്യവും കോടതി പരാമർശിച്ചു. ഇന്ത്യയിൽ പല കാര്യങ്ങളിലും വൈകിയാണ് തീരുമാനമെടുക്കുന്നതും പല കാര്യങ്ങളും വളരെ സാവധാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ജസ്റ്റിസ് കുൽക്കർണി ചൂണ്ടിക്കാട്ടി.
വീൽ ചെയറിൽ കഴിയുന്നവരും മുതിർന്ന പൗരന്മാരും വാക്സിനേഷൻ കേന്ദ്രങ്ങളിൽ പുറത്ത് കാത്തിരിക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ കാണാനിടയായി. ആ കാഴ്ചകൾ ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്, ഒരിക്കലും നല്ല കാഴ്ചയല്ല. അവർ ഇപ്പോൾ തന്നെ നിരവധി അസുഖങ്ങളുളളവരാണ്. ജനക്കൂട്ടത്തിനിടയിൽ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമ്പോൾ കോവിഡ് ബാധിതരാകാനുളള സാധ്യത കൂടുതലാണ്. കോടതി പറഞ്ഞു.