ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ ‘പരാക്രമം ദിവസ്’. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാര്‍ഷികം രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നേതാജിയുടെ ധീരതയെയും രാജ്യത്തോടുള്ള നിസ്സംഗമായ സേവനത്തേയും ബഹുമാനിക്കാനും ഓര്‍മ്മിക്കാനുമായി അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2021 ജനുവരി 23 ന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിന്റെ 125 -ാം ജന്മദിനം ആഘോഷിക്കും.
നേതാജിയുടെ ധീരതയും രാജ്യസ്നേഹവും വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നല്‍കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനന്തരവന്‍ ചന്ദ്ര കുമാര്‍ ബോസ് സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജനുവരി 23 ദേശ്പ്രേം ദിവസ് ആയി ആചരിക്കുകയാണെങ്കില്‍ അത് കുറേക്കൂടി ഉചിതമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം നേതാജിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തും. ജനുവരി 23 ന് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമോറിയയില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. നാഷണല്‍ ലൈബ്രറിയില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.