ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. അതേസമയം, അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്‍പില്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്.
താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ അല്‍പസമയത്തികം സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തും. എന്നാല്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ കേന്ദ്രം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ക്ക് കേന്ദ്രം രേഖാമൂലം ഇന്ന് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നത് വ്യക്തമല്ല.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുടെ നിലപാട് നിര്‍ണായകമാകും. കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച റദ്ദാക്കിയിരുന്നു.