കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍ നടക്കും. ഇന്നും നാളെയും അന്ത്യോദയ അന്നയോജന(മഞ്ഞക്കാര്‍ഡ്) ഉടമകള്‍ക്കാണ് അരി വിതരണം. ഇതോടൊപ്പം കേരള സര്‍ക്കാര്‍ അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ അരി അനുവദിച്ചിട്ടുള്ളത്. സൗജന്യ റേഷന്‍ അരിവിതരണത്തിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇതനുസരിച്ച് മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് 20,21 തീയതികളിലാണ് അരിവിതരണം. ആ ദിവസങ്ങളില്‍ വാങ്ങാന്‍ പറ്റാത്തവര്‍ക്ക് 30 വരെ വാങ്ങാം.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡുടമകള്‍ക്ക് 22 മുതല്‍ 30 വരെ വിതരണം ചെയ്യും. തിരക്ക് കുറയ്ക്കുന്നതിനായി കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണ ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഡ് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന ഉടമകള്‍ക്ക് 22നും തുടര്‍നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ക്രമാനുഗത ദിവസങ്ങളിലുമാണ് വിതരണം. അവസാന നമ്പര്‍ പൂജ്യം, ഒന്‍പത് ആയ കാര്‍ഡുടമകള്‍ക്ക് 30നാണ് വിതരണം.
റേഷന്‍ വിതരണം ഒ.റ്റി.പി സമ്പ്രദായം മുഖേന ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈലുമായി എത്തി മൊബൈലില്‍ കിട്ടുന്ന ഒ.റ്റി.പി ഹാജരാക്കി വേണം തിങ്കളാഴ്ച മുതല്‍ റേഷന്‍ വാങ്ങാന്‍. റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ഒ.റ്റി.പി സമ്പ്രദായം പരാജയപ്പെടുകയാണെങ്കില്‍ മാനുവല്‍ മോഡില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
അന്ത്യോദയ അന്നയോജന, മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് മൂന്നുമാസത്തേക്ക് ഒരംഗത്തിന് അഞ്ചുകിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ വിലമതിക്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരി വിതരണം നേരത്തെ ആരംഭിച്ചിരുന്നു.