ന്യൂഡല്‍ഹി: സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് വാട്‌സ് ആപ്പിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വാട്‌സ് ആപ്പിന് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
സമയപരിധിക്കുള്ളില്‍ തൃപ്തികരമായ മറുപടി ലഭിക്കണമെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കി. സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി മെയ് 15ല്‍ നിന്നും നീട്ടിയതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും അത്തരത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാട്‌സ് ആപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതിയ സ്വകാര്യതാ നയം ഇന്ത്യക്കാരുടെ അവകാശങ്ങളെയും താത്പ്പര്യങ്ങളെയും ഹനിക്കുന്നതാണെന്ന് കേന്ദ്രം വ്യക്തമാക്കി. വിവര സ്വകാര്യത, വിവര സുരക്ഷ, ഉപയോക്തൃ തിരഞ്ഞെടുപ്പ് തുടങ്ങിയ മൂല്യങ്ങളെ പുതിയ നയം മാനിക്കുന്നില്ല. ഇതിന് പുറമെ ഇന്ത്യയ്ക്കും യൂറോപ്പിനും രണ്ട് നയങ്ങള്‍ അവതരിപ്പിച്ചത് നിരുത്തരവാദപരമാണെന്നും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു.