ഡിജിറ്റൽ ക്രിയേറ്റർമാർക്ക് കടിഞ്ഞാണുമായി കേന്ദ്രം; വാർത്തകൾ പങ്കുവെക്കുന്ന ഇൻഫ്ലുവൻസർമാരെ നിയന്ത്രിക്കാൻ പുതിയ നിർദ്ദേശങ്ങൾ

ന്യൂഡൽഹി : ഡിജിറ്റൽ യുഗത്തിൽ വാർത്താ വിതരണത്തിലും അഭിപ്രായ രൂപീകരണത്തിലും യുറ്റ്യൂബ് , ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. പരമ്പരാഗത മാധ്യമസ്ഥാപനങ്ങളെ മറികടന്ന് വാർത്തകളുടെ പ്രധാന സ്രോതസ്സായി ഇത്തരം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ മാറിക്കഴിഞ്ഞു. സിറ്റിസൻ ജേണലിസവും യൂസർ ജനറേറ്റഡ് ഉള്ളടക്കങ്ങളും ഇന്ന് ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ധാരാളമായി കാണാം. എന്നാൽ, ഈ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകളും സമകാലിക വിഷയങ്ങളും പങ്കുവെക്കുന്ന സ്വതന്ത്ര ക്രിയേറ്റർമാരെയും ഇൻഫ്ലുവൻസർമാരെയും നിയന്ത്രിക്കുക ലക്ഷ്യമിട്ട് പുതിയ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ.

ഇതിന്റെ ഭാഗമായി ഐടി നിയമങ്ങളിലെ (IT Rules, 2026) പുതിയ ഭേദഗതിയുടെ കരട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കി. പുതിയ നിയമം അനുസരിച്ച് വാർത്തകളും സമകാലിക വിഷയങ്ങളും ഓൺലൈനായി സംപ്രേഷണം ചെയ്യുന്ന ആരെയും ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്റ്റർ വിഭാഗത്തിൽ കൊണ്ടുവരും. ഇതുവരെ അംഗീകൃത വാർത്താ മാധ്യമസ്ഥാപനങ്ങൾക്ക് മാത്രം ബാധകമായിരുന്ന നിയന്ത്രണങ്ങൾ ഇനി മുതൽ യുറ്റ്യൂബർമാർ, ബ്ലോഗർമാർ, പോഡ്കാസ്റ്റർമാർ എന്നിവർക്കും ബാധകമാവും.

സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട “പുതിയതോ ശ്രദ്ധേയമോ ആയ വിവരങ്ങൾ” അടങ്ങുന്ന ഉള്ളടക്കങ്ങൾ ഇനി വാർത്തയുടെ പരിധിയിൽ പെടും. ഒരു പ്രതിഷേധത്തിന്റെ വീഡിയോ, സർക്കാർ നയങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾ, വിമർശനങ്ങൾ അല്ലെങ്കിൽ ഒരു പ്രാദേശിക സംഭവത്തെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണം എന്നിവയെല്ലാം ഇനി വാർത്തയായി കണക്കാക്കപ്പെടാം.

വാർത്താ സ്ഥാപനമല്ലാത്ത ഒരു വ്യക്തി പങ്കുവെക്കുന്ന വാർത്താപരമായ ഉള്ളടക്കം നിയമവിരുദ്ധമാണെന്ന് കണ്ടാൽ അത് ബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ മന്ത്രാലയത്തിന് സാധിക്കും. യുറ്റ്യൂബ് , എക്സ് (X), ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ സർക്കാർ നൽകുന്ന നിർദേശങ്ങളും അഡ്വൈസറികളും നിർബന്ധമായും പാലിക്കണം. ഇത് പാലിക്കാത്ത പക്ഷം, പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ നിയമപരമായ സംരക്ഷണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയങ്ങൾക്ക് നേരിട്ട് ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള അധികാരം നൽകാനും നിർദേശമുണ്ട്.

സ്വാഭാവികമായും സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്ന ആശങ്ക ഇതിൽ ഉയരുന്നുണ്ട്. രാഷ്ട്രീയ വിമർശനം നടത്തുന്നവരെ വരുതിയിലാക്കാൻ ഈ നിയമങ്ങൾ ഉപയോഗപ്പെടുത്താൻ സർക്കാരിന് സാധിച്ചേക്കും. ഡിജിറ്റൽ ലോകത്തെ സെൻസർഷിപ്പിലേക്ക് ഇത് നയിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അനിയന്ത്രിതമായി ഏത് രീതിയിലും വിവരങ്ങൾ പ്രചരിപ്പിക്കാമെന്നത് അപകടമാണ്. തെറ്റിദ്ധാരണ പരത്താനും ജനങ്ങളിൽ വിഭാഗീയതയും വിദ്വേഷവും വളർത്താനും ഉൾപ്പെടെ അത് കാരണമായേക്കാം. ഉള്ളടക്കങ്ങൾ നിയമപരമായ രീതിയിൽ ഉത്തരവാദിത്വത്തോടെ അവതരിപ്പിക്കേണ്ട ചുമതല ഈ കാലത്ത് പരമ്പരാഗത മാധ്യമങ്ങൾക്ക് മാത്രമല്ല. ഭരണകൂടത്തിന്റെ ശരിയായ നിരീക്ഷണം ഈ മേഖലയിലും ആവശ്യമാണ്. എന്നാൽ ആർക്കെല്ലാമെതിരെ സർക്കാർ വാളോങ്ങുമെന്നതും ആർക്കുനേരെ കണ്ണടയ്ക്കുമെന്നതുമാണ് ആശങ്ക.

ഈ നിയമ ഭേദഗതികളിൽ പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ഏപ്രിൽ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. സർക്കാർ മേൽനോട്ടം ശക്തമാകുന്നതോടെ സാമൂഹിക മാധ്യമങ്ങളിലെ വാർത്താ വിതരണത്തിന്റെ രീതി തന്നെ മാറിയേക്കാം.

The Central Government has issued new guidelines aimed at regulating independent digital creators and influencers who share news and current affairs on platforms like YouTube, Instagram, and X. Amid the rise of citizen journalism, these measures seek to ensure content credibility and prevent the spread of misinformation. While the government emphasizes transparency and national security, critics argue that these rules could potentially curb freedom of expression and independent media.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News