33.4 C
Kottayam
Sunday, May 5, 2024

6.5 കോടി വാക്സിൻ കയറ്റി അയച്ച രാജ്യത്ത് അവശ്യ ഘട്ടത്തിൽ വാക്സിനില്ല, കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് വൻ വീഴ്ച

Must read

ന്യൂഡൽഹി:രാജ്യത്ത് കടുത്ത വാക്സീൻ ക്ഷാമം നേരിടുന്നതിന് പ്രധാനകാരണം കേന്ദ്രസർക്കാരിന്‍റെ ആസൂത്രണമില്ലായ്മയെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്സീൻ ഉത്പാദനത്തിനുള്ള കരാർ നൽകുന്നതിന് കാലതാമസം വന്നു. വാക്സീൻ ഉണ്ടാക്കുന്ന കമ്പനികളുമായി ദീർഘകാല കരാറില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കി.

വാക്സീൻ നിർമാണത്തിന് ആവശ്യമായ നിക്ഷേപം നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. ഉണ്ടാക്കിയ വാക്സീനുകൾ ആദ്യഘട്ടത്തിൽ സംഭരിച്ച് വയ്ക്കാനുമായില്ല. വാക്സീൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്.

വിദേശത്തേക്ക് ഇന്ത്യ ഇതുവരെ കയറ്റി അയച്ചത് 6.5 കോടി വാക്സീനാണെന്ന് കണക്കുകൾ പുറത്തുവന്നു. രണ്ട് വാക്സീനുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്ത ഏകവികസ്വര രാജ്യം ഇന്ത്യയാണ്. എന്നിട്ടും വാക്സീൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് 12 കോടി വാക്സീൻ വാങ്ങി പ്രശ്നപരിഹാരമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ 12 കോടി ഡോസ് വാക്സീനാണ് കൈമാറിയത്. കൊവാക്സിന്‍റെ ഉത്പാദനം പക്ഷേ കുറവാണ്. പ്രതിമാസം ഒരു കോടി വാക്സീൻ മാത്രമേ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുള്ളൂ. കൊവാക്സീൻ ഉത്പാദനത്തിന് അസംസ്കൃതവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന അമേരിക്ക ഇപ്പോൾ അവ പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തിയിരിക്കുകയാണെന്നും, ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ ക്വോട്ട് ചെയ്തായിരുന്നു അദാർ പൂനാവാലയുടെ ട്വീറ്റ്.

വാക്സീനുകൾക്കുള്ള ഡിമാൻഡ് കുത്തനെ കൂടുന്ന സാഹചര്യത്തിൽ മെയ് – ജൂൺ മാസമാകുമ്പോഴേക്ക് കൊവാക്സിന്‍റെ ഉത്പാദനം കുത്തനെ കൂട്ടാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഉത്പാദിപ്പിക്കുന്നതിന്‍റെ ഇരട്ടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ബംഗളുരുവിൽ പുതിയ വാക്സീൻ നിർമാണകേന്ദ്രം തുടങ്ങുന്നതിന് 65 കോടി രൂപയുടെ ഗ്രാന്‍റും അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാൽ ലക്ഷത്തോടടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഒരു വിലയിരുത്തൽ യോഗം വിളിച്ച് ചേർത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ദില്ലി, ഛത്തീസ്ഗഢ്, കർണാടക, കേരളം, തമിഴ് നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ 12 സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടേക്ക് കൃത്യമായി വാക്സീൻ ഡോസുകളും ഓക്സിജൻ വിതരണവും ഉറപ്പാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തു.

മെഡിക്കൽ ഓക്സിജൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഓക്സിജൻ സിലിണ്ടറുകൾ വഹിച്ചുകൊണ്ടുള്ള ട്രക്കുകൾക്ക് അതി‍ർത്തികളിൽ ഇനി നിയന്ത്രണമേർപ്പെടുത്തില്ല. ഓക്സിജൻ ഉത്പാദകർക്ക് വിതരണം രാജ്യമെമ്പാടും നടത്താം, നിയന്ത്രണങ്ങളുണ്ടാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week