ന്യൂഡല്‍ഹി: കൊവിഡ് ലക്ഷണമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ടെസ്റ്റ് റിസള്‍ട്ട് ആവശ്യമില്ലെന്നും രോഗ ലക്ഷണം കാണിക്കുന്നവരെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
<ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ് കൊവിഡ് ഹെല്‍ത്ത് സെന്ററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കൊവിഡ് ഹോസ്പിറ്റലിലും ആവണം പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്സിജനും ചികിത്സയും ലഭ്യമാക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്.
അതേസമയംകൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു ശുഭവാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തല്‍. 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് എന്ന മരുന്ന് കോവിഡ് രോഗികളില്‍ ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി.
ഡിആര്‍ഡിഒയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസും (ഐഎന്‍എംഎസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്. കൊവിഡ് ബാധിതര്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വളരെ വേഗത്തില്‍ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തിയത്.
ഈ മരുന്ന് എളുപ്പത്തില്‍ ഉത്പാദിപ്പിക്കാനും വളരെ അളവില്‍ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കുന്നത്. വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞ് കൂടി വൈറസിന്റെ വളര്‍ച്ചയെ മരുന്ന് തടയുന്നുവെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി.