രാജ്യത്തെ പല ഭാഗങ്ങളിലായി അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് (EV fire incidents) തീപിടിച്ച സംഭവങ്ങളിൽ ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടെത്തിയാൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്കെതിരെ നടപടിയെടുക്കും എന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒരാഴ്‍ചയ്ക്കിടെ രാജ്യത്ത് ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ച നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‍തത്. മഹാരാഷ്ട്രയിലെ പൂനെയിൽ തീപിടിച്ച ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോയും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിൽ കൃത്യമായ കാരണം കണ്ടെത്താൻ ഒല ഇലക്ട്രിക് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. എന്നിരുന്നാലും, തീപിടുത്തത്തെത്തുടർന്ന് മറ്റ് ഇവി ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്ന് അവരുടെ നടപടികളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനങ്ങളിൽ തീപിടിത്തമുണ്ടായ നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഓരോന്നിനും ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ്, ഡിആർഡിഒ, ഐഐഎസ്‌സി തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അന്വേഷിക്കുന്നത്.
ഇലക്ട്രിക്ക് വാഹനങ്ങള്‍ ബാറ്ററികൾ എന്നിവയുടെ അംഗീകാരത്തിനുള്ള ഇന്ത്യയുടെ മാനദണ്ഡങ്ങൾ ആഗോള നിലവാരത്തിന് അനുയോജ്യമാണെന്നും നിതിന്‍ ഗഡ്‍കരി പറഞ്ഞു. “വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതിന് പിന്നിലെ കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്തും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും..”
ഉയർന്ന താപനിലയാണ് തീപിടിത്തത്തിന് പിന്നിലെ പ്രഥമദൃഷ്ട്യാ കാരണമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കും എന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളും സ്വീകരിക്കും എന്നും ഗഡ്‍കരി വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഇലക്ട്രിക് സ്‍കൂട്ടറുകൾ കൂടുതലും ലിഥിയം അയൺ ബാറ്ററികളാൽ നിറഞ്ഞതാണ്. ഈ ബാറ്ററികൾ തെറ്റായി നിർമ്മിച്ചതോ സോഫ്‌റ്റ്‌വെയർ ശരിയായി രൂപകൽപ്പന ചെയ്‌യാത്തതോ തകരാറുള്ളതോ ആണെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമല്ല ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിച്ചാലുംന്ന തീപിടിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്