തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫിസിൽ പോകേണ്ടിവരില്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യുന്നതിന് റവന്യുപോർട്ടലിൽ നിശ്ചിത സമയം ഭൂവുടമയ്ക്കു ലഭിക്കും.
ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താനാകും. ഇപ്പോൾ സംസ്ഥാനത്ത് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല. ഓരോ വില്ലേജ് ഓഫിസ് പരിധിയിലും പല തണ്ടപ്പേരിലാണ് ഒരു ഭൂ ഉടമയുടെ തന്നെ ഭൂമി ഇപ്പോഴുള്ളത്. ആധാർ റജിസ്റ്റർ ചെയ്യുന്നതോടെ ഒറ്റ തണ്ടപ്പേരിലാകും ഭൂ ഉടമയുടെ എല്ലാ ഭൂമിയും.
നിലവിൽ ഒരു വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ. 1970ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല. ഒറ്റ തണ്ടപ്പേര് വരുന്നതോടെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അധിക ഭൂമി കണ്ടെത്തുകയും ചെയ്യാം.
അതേസമയം സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഒറ്റ തണ്ടപ്പേര് എന്ന പദ്ധതി നടപ്പാക്കണമെന്ന് റവന്യു മന്ത്രി കെ.രാജൻ ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മിഷണർ കേന്ദ്രത്തിനോട് പ്രത്യേക അനുമതി തേടി. സോഷ്യൽ വെൽഫയറിനും സദ്ഭരണത്തിനും ഭൂമി രേഖകളുമായി ആധാർ ലിങ്ക് ചെയ്യുന്നതിനാണ് സംസ്ഥാനം മുൻകൈയെടുക്കുന്നതെന്നു ലാൻഡ് റവന്യു കമ്മിഷണർ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനുമതി ലഭിച്ചത്.