NationalNews

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു;നടപ്പുസാമ്പത്തികവർഷം കേരളത്തിന് കാര്യമായ സഹായധനം നൽകിയിട്ടില്ല

ന്യൂഡല്‍ഹി: മൂലധനച്ചെലവിനത്തിലെ പ്രത്യേക സഹായധനമുള്‍പ്പെടെ നടപ്പുസാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് കേന്ദ്രത്തില്‍നിന്ന് കാര്യമായ സഹായധനമൊന്നും നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍.

പങ്കാളിത്ത പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ അധിക കടമെടുപ്പിനത്തില്‍ 1787 കോടി മാത്രമാണ് നടപ്പുസാമ്പത്തികവര്‍ഷം കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എം.പി.യുടെ ചോദ്യത്തിന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024 ജനുവരി 30 വരെയുള്ള കണക്കാണിത്.

എന്നാല്‍, 2020 മുതലിങ്ങോട്ട് കേരളത്തിന് വിവിധ സഹായധന ഇനങ്ങളിലായി 43,351 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ജി.എസ്.ടി. നഷ്ടപരിഹാര ഇനത്തില്‍ 2017 ജൂലായ് ഒന്നുമുതല്‍ 2022 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കായി കേരളത്തിന് കേന്ദ്രം 28,054 കോടിരൂപ അനുവദിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. ഈയിനത്തില്‍ ഇനി 737.88 കോടിരൂപ കേരളത്തിന് നല്‍കാന്‍ ബാക്കിയുണ്ട്.

റവന്യുകമ്മി നികത്തലിനുള്ള ഗ്രാന്റ്- 3957.50 കോടി, സംസ്ഥാന ദുരന്ത പ്രതികരണനിധിയിലെ വിഹിതം -138.80 കോടി, സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിനത്തിലെ വിഹിതം -66 കോടി, നഗരസഭകള്‍ക്കുള്ള ഗ്രാന്റ് -348.81 കോടി, പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ് -630 കോടി, ആരോഗ്യമേഖല -458.03 കോടി എന്നിങ്ങനെയാണിത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4,29,270.6 കോടി രൂപയാണെന്നും അത് കടബാധ്യതയുടെ 165 ശതമാനം വര്‍ധനയാണെന്നും ലോക്സഭയില്‍ പ്രേമചന്ദ്രന്റെ മറ്റൊരു ചോദ്യത്തിന് മറുപടിയായി കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി മറുപടി നല്‍കി.

2016-ല്‍ കേരളത്തിന്റെ കടബാധ്യത 1,62,271.5 കോടി രൂപയാണ്. 2017-ല്‍ 18 ശതമാനം വര്‍ധിച്ച് 1,91,622.9 കോടിയായി. 2018-ല്‍ 13 ശതമാനം വര്‍ധിച്ച് 2,16,499.4 കോടിയിലെത്തി. 2020-ല്‍ 2,67,585.4 കോടി, 2021-ല്‍ 3,10,856.2 കോടി എന്നിങ്ങനെ വര്‍ധിച്ചു. ഭരണഘടനാ അനുച്ഛേദം 293 (3) പ്രകാരം എല്ലാസംസ്ഥാനങ്ങള്‍ക്കും അനുവദനീയമായ കടമെടുക്കാനുള്ള പരിധി കേരളത്തിനും നല്‍കിയിട്ടുണ്ട്. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശചെയ്ത പ്രകാരമുള്ള കടമെടുക്കാന്‍ കേരളത്തിനും അവകാശമുണ്ട്.

2023-’24-ല്‍ കേരളത്തിന് അനുവദനീയമായ കടമെടുപ്പുപരിധി 32,442 കോടി രൂപയാണ്. കൂടുതലായി 1,787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button