ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്ന കാര്യം പരിഗണനയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമനും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി വഴി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. നിലവില്‍ 18 വയസാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം.