ന്യൂഡല്‍ഹി: പുതുക്കിയ മാനദണ്ഡം അനുസരിച്ച് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണന കൊവിഡ് മുന്നണി പോരാളികള്‍ക്കായിരിക്കണമെന്നാണ് നിര്‍ദേശം.
മുന്നണി പോരാളികള്‍ക്ക് അടിയന്തരമായി രണ്ടാം ഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കണം. കൊവിഡ് പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ഡാറ്റ സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്കാണ്. കഴിഞ്ഞ ദിവസം ഇത് 94052 ആയിരുന്നു.
നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിതരായി 11,21,671 പേരാണുള്ളത്. രോഗമുക്തി നിര്‍ക്ക് ഉയര്‍ന്നത് ആശ്വാസകരമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ മുക്തി നേടിയത് 1,34,580 പേരാണ്. അതിനിടെ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് 3403 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,63,079 ആയി.
കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് ഉയരുന്നുണ്ടെങ്കിലും ഇതില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിലയിരുത്തല്‍. പല സംസ്ഥാനങ്ങളും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യാതെ മാറ്റിവച്ച മരണക്കണക്ക് ഇപ്പോള്‍ പുറത്തുവിടുന്നതാണ് കാരണം. ഉത്തരാഖണ്ഡ്, യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മരണക്കണക്ക് സംബന്ധിച്ച് ഓഡിറ്റ് നടത്തിയിരുന്നു.