ന്യൂഡല്‍ഹി: രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
വാക്‌സിന്‍ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാല്‍ വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 8923 കോടി രൂപ അനുവദിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് ഗ്രാന്റായാണ് തുക അനുവദിച്ചത്. കേരളത്തിനു 240.6 കോടി രൂപ ലഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായുള്ള സംസ്ഥാനങ്ങള്‍ക്കാണ് 15-ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം ഗ്രാന്റ് അനുവദിച്ചത്.
ഉത്തര്‍പ്രദേശിനു 1441.6 കോടി രൂപയും മഹാരാഷ്ട്രയ്ക്കു 861.4 കോടിയും പശ്ചിമ ബംഗാളിനു 652.2 കോടിയും മധ്യപ്രദേശിനു 588.8 കോടിയും അനുവദിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ ഈ തുക സംസ്ഥാനങ്ങള്‍ക്കു ലഭ്യമാകുമെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്‌സപെന്‍ഡിച്ചര്‍ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രാദേശിക ആവശ്യങ്ങള്‍ നേരിടുന്നതിനുള്ള 2021-22 വര്‍ഷത്തെ അണ്‍ടൈഡ് ഗ്രാന്റിന്റെ ആദ്യഗഡുവാണ് ശനിയാഴ്ച അനുവദിച്ചത്. കോവിഡ്-19 മഹാമാരിയെ നേരിടുന്നതിന് ആവശ്യമായ വിവിധ പ്രതിരോധ നടപടികള്‍ക്കും സമാശ്വാസ നടപടികള്‍ക്കുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ സഹായധനം വിനിയോഗിക്കാം.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ പ്രകാരം, അണ്‍ടൈഡ് ഗ്രാന്റിന്റെ ആദ്യ ഗഡു 2021 ജൂണിലാണ് സംസ്ഥാനങ്ങള്‍ക്ക് നല്‌കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിശ്ചിത സമയത്തിന് മുമ്പുതന്നെ സഹായധനം അനുവദിക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചത്.