കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാ വിദേശ വാക്‌സിനുകള്‍ക്കും അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിദേശ രാജ്യങ്ങളില്‍ ഉപയോഗത്തിലുള്ള വാക്‌സിനുകള്‍ക്കും അടിയന്തര അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധ കുത്തിവയ്പ് വേഗത്തിലാക്കുന്നതിനും കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനും വേണ്ടിയാണിത്. അഞ്ച് വാക്സിനുകള്‍ക്ക് കൂടി ഈ വര്‍ഷം അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (ബയോ ഇ), സിഡസ് കാഡില, സിറംസിന്റെ നോവാവാക്‌സ്, ഭാരത് ബയോടെക്കില്‍ നിന്നുള്ള നാസല്‍ വാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയേക്കുക. മതിയായ അളവില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പല സംസ്ഥാനങ്ങളും പരാതി ഉന്നയിച്ചിരുന്നു. കൊവിഡ് ആഞ്ഞടിക്കുന്ന മഹാരാഷ്ട്ര പഞ്ചാബ്, ഡല്‍ഹി, തെലുങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ആക്ഷേപം ഉയര്‍ന്നത്.

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിജിസിഎ) അനുമതി നല്‍കിയിരുന്നു. മേയ് ആദ്യം മുതല്‍ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യും. ഇന്ത്യയില്‍ വിതരണത്തിനെത്തുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്-വി.

91.6 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന സ്പുട്‌നിക് വാക്‌സിന്‍ ഡോ. റെഡ്ഡീസാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. റഷ്യയിലെ ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിനും കോവാ ക്‌സിനുമാണ് നിലവില്‍ രാജ്യത്ത് വിതരണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.

രോഗവ്യാപനത്തില്‍ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,35,27,717 പേര്‍ക്ക് രോഗ ബാധയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ബ്രസീലില്‍ 1.34 കോടി രോഗബാധിതരാണുള്ളത്. 3,11,97,511 രോഗികളുള്ള അമേരി ക്കയാണ് ഒന്നാമത്.

രാജ്യത്ത് കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം കോവിഡ് വ്യാപനമുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ്, ക ര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ പ്രതിദിന നിരക്ക് അതിരൂക്ഷമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News